സെക്യൂരിറ്റി ജീവനക്കാരനായ 29കാരനെ സന്യാസി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്
ഇസ്‌കോണിൽ കഴിഞ്ഞ ആറ് വർഷമായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന യുവാവാണ് പരാതിക്കാരൻ.
കൊൽക്കത്ത: സന്യാസി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് 29കാരനായ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതി. പശ്ചിമബംഗാളിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്‌കോൺ) സന്യാസിയായ ജഗദർത്തിഹ ദാസ് എന്ന ജയന്ത കുമാർ സാഹയ്ക്കെതിരെയാണ് പരാതി. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ സന്യാസി ഒളിവിൽ പോയി.
ഐപിസി 342 (തടഞ്ഞുവയ്ക്കൽ), 377 (പ്രകൃതിവിരുദ്ധ പീഡനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നാദിയ ജില്ലയിലെ നബദ്‌വിപ്പിലെ മായാപൂരിലെ ഇസ്കോൺ ക്ഷേത്ര ആസ്ഥാനം ചീഫ് കോഡിനേറ്ററാണ് പ്രതിയായ സന്യാസിയെന്നും കേസെടുത്തതിനു പിന്നാലെ ഇയാൾ മുങ്ങിയതായും പൊലീസ് പറഞ്ഞു.
ഇസ്‌കോണിൽ കഴിഞ്ഞ ആറ് വർഷമായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന യുവാവാണ് പരാതിക്കാരൻ. ജനുവരി 16ന് രാത്രി സന്യാസിയുടെ സ്വകാര്യ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നുമാണ് പരാതി. തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജോലി തെറിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.
"എന്റെ ഇഷ്ടത്തിന് വിരുദ്ധമായി അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സന്യാസി എന്നെ നിർബന്ധിച്ചു. തുടർന്ന് എന്നെ അയാൾ ശാരീരികമായും ഉപദ്രവിച്ചു. സംഭവത്തെ തുടർന്ന് ഞാൻ ഏറെനാളായി മാനസികമായി വിഷാദത്തിലായിരുന്നു. അതിനാൽ എനിക്ക് ഇത് ആരോടും പങ്കുവെക്കാൻ കഴിഞ്ഞില്ല. എന്റെ ജോലി നഷ്ടപ്പെടുമെന്നും ഞാൻ ഭയപ്പെട്ടു."- യുവാവ് വിശദമാക്കി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സഹപ്രവർത്തകരോട് സംഭവം പങ്കുവെച്ചപ്പോൾ അവരിൽ ചിലർക്കും ഇതേ ദുരനുഭവം ഉണ്ടായെന്ന് മനസിലായതായി പരാതിക്കാരൻ പറഞ്ഞു. ഇതേ ഇസ്‌കോൺ ഓഫീസിൽ ജോലി ചെയ്തിരുന്ന നാല് പേരെ കൂടി പ്രതിയായ സന്യാസി ലൈംഗികമായി പീഡിപ്പിച്ചതായി യുവാവ് പറഞ്ഞു.
പീഡനം പുറത്തായതോടെ മായാപൂർ ഇസ്‌കോൺ സഹ ഡയറക്ടർമാർ ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകി. ആരോപണവിധേയനായ സന്യാസി ജഗദർത്തിഹ ദാസിനെ മായാപൂർ ഇസ്‌കോണിലെ മാനേജർ പദവിയിൽ നിന്ന് അയോഗ്യനാക്കുമെന്ന് അധികാരികൾ പ്രസ്താവനയിൽ വ്യക്തമാക്കി.