ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആവർത്തിച്ച് സാക്കിയ ജഫ്രി സുപ്രീംകോടതിയിൽ
അന്വേഷണസംഘം ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല, ഫോണുകൾ പിടിച്ചെടുക്കുകയോ ബോംബുകൾ എവിടെ, ആര് നിർമിച്ചുവെന്ന് അന്വേഷിക്കുകയോ ചെയ്യാതെയാണ് എല്ലാം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചതെന്നും സാക്കിയ കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി സുപ്രീംകോടതിയിൽ. കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം തെളിവുകളൊന്നും പരിശോധിച്ചിട്ടില്ലെന്നും ഒരു അന്വേഷണവും നടത്താതെയാണ് ഇവർ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും സാക്കിയ കോടതിയെ അറിയിച്ചു.
അന്വേഷണസംഘം ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല, ഫോണുകൾ പിടിച്ചെടുക്കുകയോ ബോംബുകൾ എവിടെ, ആര് നിർമിച്ചുവെന്ന് അന്വേഷിക്കുകയോ ചെയ്യാതെയാണ് എല്ലാം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചതെന്നും സാക്കിയ കോടതിയെ അറിയിച്ചു.
കഴിഞ്ഞ 20 വർഷത്തോളമായി സാക്കിയ ജഫ്രി നീതിക്കായുള്ള പോരാട്ടത്തിലാണ്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്‌സാൻ ജഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. കലാപം നടന്ന് 10 വർഷത്തിന് ശേഷം 2012 ഫെബ്രുവരിയിലാണ് മോദി അടക്കമുള്ളവർക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
നിരവധി തവണ മാറ്റിവെച്ചതിന് ശേഷമാണ് കോടതി കേസിൽ വാദം കേൾക്കാൻ തുടങ്ങിയത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ക്രമസമാധാന പാലനത്തിന്റെ പരാജയമാണ് ഗുജറാത്തിൽ സംഭവിച്ചതെന്നായിരുന്നു കപിൽ സിബൽ കോടതിയിൽ വാദിച്ചത്. താനും വര്‍ഗീയ കലാപത്തിന്റെ ഇരയാണെന്നും, 1947-ലെ ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ അക്രമത്തില്‍ തനിക്ക് അമ്മയുടെ മുത്തശ്ശിമാരെ നഷ്ടപ്പെട്ടിട്ടുവെന്നും കപില്‍ സിബല്‍ പറഞ്ഞു.
പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ആളുകൾ കൊല്ലപ്പെട്ടത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണം..ഇത് പൂർണമായും ക്രമസമാധാന പാലനവുമായും വ്യക്തികളുടെ അവകാശവുമായും ബന്ധപ്പെട്ടതാണ്. ഗുജറാത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ബ്യൂറോക്രാറ്റിക് ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ട്, ബോധപൂർവമായ വിദ്വേഷ പ്രസംഗങ്ങൾ എല്ലാം അക്രമത്തിന് കാരണമായെന്നും കപിൽ സിബൽ പറഞ്ഞു.