സൊമാറ്റോയിൽ നിന്ന് രാജിവച്ച് സഹസ്ഥാപകൻ ഗുഞ്ജൻ പാട്ടിദാർ
14 വർഷം സൊമാറ്റോയെ മുന്നിൽ നിന്ന് നയിച്ച ശേഷമാണ് ഗുഞ്ജന്റെ പടിയിറക്കം.
ന്യൂഡൽഹി: പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പാട്ടിദാർ സ്ഥാനമൊഴിഞ്ഞു. 14 വർഷം സൊമാറ്റോയെ മുന്നിൽ നിന്ന് നയിച്ച ശേഷമാണ് ഗുഞ്ജന്റെ പടിയിറക്കം.
സൊമാറ്റോയിലെ ആദ്യ ബാച്ച് ജീവനക്കാരിൽ ഒരാളായ ഗുഞ്ജൻ പാട്ടിദാർ, സുപ്രധാന സാങ്കേതിക സംവിധാനങ്ങൾക്ക് പിറവി നൽകിയ വ്യക്തിയാണെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, രാജിയുടെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
"കഴിഞ്ഞ പത്തിലധികം വർഷത്തെ സേവന കാലയളവിൽ, സാങ്കേതിക രംഗത്തെ മുന്നോട്ടുനയിക്കാൻ കഴിവുള്ള ഒരു മികച്ച ടീമിനെ അദ്ദേഹം വളർത്തിയെടുത്തു. സൊമാറ്റോ നിർമിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്"- കമ്പനി പറഞ്ഞു.
സാങ്കേതിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിലും പുതിയ ഉപഭോക്തൃ-അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വിന്യാസത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 2008 ഡിസംബറിൽ സൊമാറ്റോയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം സിയെന്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു. ഡൽഹിയിലെ ഐഐടിയിൽ നിന്നാണ് അദ്ദേഹം ബി.ടെക് ബിരുദം നേടിയത്.
നവംബറിൽ, സൊമാറ്റോയുടെ മറ്റൊരു സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചിരുന്നു. നാലര വര്‍ഷത്തോളം സൊമാറ്റോയെ മുന്‍നിരയില്‍ നിന്ന് നയിച്ചയാളായിരുന്നു മോഹിത്. സൊമാറ്റോയുടെ സിഇഒ പദവി വഹിച്ചിരുന്ന അദ്ദേഹത്തെ 2020ല്‍ ആണ് സഹസ്ഥാപകന്‍ എന്ന പദവിയിലേക്ക് കമ്പനി ഉയര്‍ത്തിയത്.
'സൊമാറ്റോയില്‍ നിന്നും ഞാന്‍ പടിയിറങ്ങുകയാണ്. ജീവിതത്തില്‍ ഇനി എന്നെ കാത്തിരിക്കുന്ന മറ്റ് ചില സാഹസികതകളെ നേരിടാനാണ് തീരുമാനം'- എന്നാണ് സ്ഥാനമൊഴിഞ്ഞതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.