ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് രാജിക്ക്
രാജിക്കാര്യം പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടുന്നുവെന്ന് പാര്‍ക്ക് ഗുന്‍ഹെ പറഞ്ഞു.
അഴിമതി ആരോപണം നേരിടുന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗുന്‍ഹെ രാജിസന്നദ്ധത അറിയിച്ചു. രാജിക്കാര്യം പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടുന്നുവെന്ന് പാര്‍ക്ക് ഗുന്‍ഹെ പറഞ്ഞു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ദക്ഷിണ കൊറിയയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് താന്‍ തുടരണമോ എന്ന കാര്യത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് എത്തിയത്. കാലാവധി ചുരുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റിന്റെ പരിഗണനക്ക് വിട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാര്‍ക്ക് ഗുന്‍ഹെക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണോ എന്നതില്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് തീരുമാനമെടുക്കും. ഭരണകക്ഷിക്കകത്തു നിന്ന് തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ രണ്ട് തവണ പ്രസിഡന്റ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇംപീച്ച്മെന്റ് നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് പാര്‍ക്ക് ഇപ്പോള്‍ രാജിക്ക് സന്നദ്ധമായതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും സുഹൃത്തിനെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം.