ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് നീട്ടി
ഭീകരാക്രമണമുണ്ടായ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്കുകൂടി നീട്ടി. മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
ഭീകരാക്രമണമുണ്ടായ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്കുകൂടി നീട്ടി. മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു. ദേശീയദിനാഘോഷത്തിനിടെയാണ് ആള്‍കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 84 പേരെ കൊന്നത്. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ ട്രക്ക് വെടിക്കെട്ട് കണ്ടു കൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അക്രമി ആള്‍ക്കൂട്ടത്തിന് നേരെ വെടിവെക്കുകയും ജനക്കൂട്ടത്തിലൂടെ 2കിലോമീറ്ററോളം ട്രക്ക് ഓടിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ ആയിരത്തിലധികമാളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ദേശീയ ദിനാഘോഷത്തിനിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ 3 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ആക്രമണം തീവ്രവാദസ്വഭാവമുള്ളതാണെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. നവംബറില്‍ നടന്ന പാരിസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഹിലരി ക്ലിന്റൻ, ഡൊണാൾഡ് ട്രംപ് തുടങ്ങി നിരവധി പേര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.