അമേരിക്കയിലും സിക വൈറസ് ബാധ
1 സ്ത്രീയിലും 3 പുരുഷന്മാരിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്
അമേരിക്കയിലും സിക വൈറസ് ബാധ സ്ഥിരീകരിച്ചു . ഫ്ലോറിഡയില്‍ നാല് പേരില്‍ സിക വൈറസ് ബാധ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൊതുകുകളിലൂടെ തന്നെയാണോ രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. രോഗം പടരാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. 1 സ്ത്രീയിലും 3 പുരുഷന്മാരിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെറിയ പനിയും ചുമയും ഒഴിച്ചാല്‍ രോഗബാധിതരില്‍ സിക രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ല.
ഗര്‍ഭിണികളില്‍ സിക രോഗം ഉണ്ടാകുന്നത് ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന മൈക്രോസിഫിലി എന്ന അവസ്ഥയ്ക്ക് കാരണമാകും. എന്നാല്‍ രോഗബധിത മേഖലയിലുള്ള ഗര്‍ഭിണികളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രദേശത്ത് കൂടുതല്‍ സിക ബാധയുണ്ടോയെന്നിയാനുള്ള പരിശോധനകള്‍ നടത്തിവരികയാണ്. കൊതുകുകളെ നിയന്ത്രിക്കാനുള്ള പരിപാടികള്‍ നടത്തുന്ന ആരോഗ്യവകുപ്പ് ഗര്‍ഭിണികള്‍ക്ക് സികയെ പ്രതിരോധിക്കാനുള്ള കിറ്റും നല്‍കുന്നുണ്ട്. ടൂറിസ്റ്റ് മേഖലയായ ഫ്ലോറിഡയില്‍ സിക വൈറസ് ബാധ രൂക്ഷമായ നാടുകളില്‍ നിന്നടക്കം നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി എത്തുന്നത്. എന്നാല്‍ കൊതുക് നിവാരണ പദ്ധതികള്‍ വലിയ രൂപത്തില്‍ നടക്കുന്നത് കൊണ്ട് വലിയരൂപത്തില്‍ രോഗം പകരാന്‍ സാധ്യതയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഫ്ലോറിഡയിലേക്കുള്ള യാത്രക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗര്‍ഭിണികള്‍ രോഗബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.