സിറിയന്‍ 'ജനവിധി' ഇന്നറിയാം
സിറിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.
സിറിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് അനുകൂലമായ തരംഗമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തള്ളിയിരുന്നു.
250 അംഗ പാര്‍ലമെന്റിലേക്ക് 3500 പേരാണ് മത്സരരംഗത്തുള്ളത്. നേരത്തെ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ 7000 പേരുടെ തെരഞ്ഞെടുപ്പ് പത്രിക തള്ളിയിരുന്നു.. നിയമാനുസൃതമല്ലാത്തതും സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നതുമാണ് തെരഞ്ഞെടുപ്പെന്ന് വോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷി നേതാക്കള്‍ പറഞ്ഞു. അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണുക, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞടുപ്പിനോട് സഹകരിച്ചില്ല.. ഇതോടെ 250 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രഹസനമായി മാറി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നടന്ന വിധിയെഴുത്തില്‍ അസദ് പക്ഷം വന്‍ഭൂരിപക്ഷം നേടുമെന്നാണ് സൂചന. തലസ്ഥാനനഗരമായ ദമാസ്‌കസിലെ അസദ് ലൈബ്രറിയിലെ പോളിങ് സ്‌റ്റേഷനില്‍ ഭാര്യ അസ്മയുമായെത്തി പ്രസിഡന്റ് അസദ് വോട്ടു രേഖപ്പെടുത്തി. തീവ്രവാദത്തിന് സിറിയ പടുത്തുയര്‍ത്തിയ അടിസ്ഥാന സൗകര്യങ്ങളാകെ തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് അസദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നാലു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിറവേറ്റിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് സമാധാന ചര്‍ച്ചകളെ ബാധിക്കില്ല. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തല്‍ കരാറിനും അനുകൂലമായ കാലാവസ്ഥയെ തെരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റഷ്യ ഒഴികെയുള്ള ലോകരാഷ്ട്രങ്ങള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നില്ല. ബ്രിട്ടന്‍ കടുത്ത ഭാഷയിലാണ് തെരഞ്ഞെടുപ്പ് നടത്തിയതിനെ വിമര്‍ശിച്ചത്.
യാഥാര്‍ത്ഥ്യത്തെ സിറിയന്‍ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുകയാണെന്ന് ബ്രിട്ടന്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാര്‍ ജനാധിപത്യത്തെ ചതിച്ചിരിക്കുകയാണെന്ന് ഫ്രാന്‍സും കുറ്റപ്പെടുത്തി. സിറിയയിലെ 14 പ്രവിശ്യകളില്‍ 12 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വടക്കന്‍ പ്രവിശ്യയായ റഖാ ഐഎസിന്റെയും വടക്ക് പടിഞ്ഞാറന്‍ പ്രൊവിശ്യയായ ഇഡിബ് സര്‍ക്കാര്‍ വിരുദ്ധ സംഘടനകളുടെയും നിയന്ത്രണത്തിലാണ്.