സമുദ്രാതിര്‍ത്തി ലംഘിച്ചു; 59 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാക് തീരസേന അറസ്റ്റ് ചെയ്തു
ഗുജറാത്തില്‍ നിന്നുള്ളവരാണ് പിടിയിലായ മത്സ്യ തൊഴിലാളികള്‍
59 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്താന്‍ തീര സേന അറസ്‌റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികളെ പാക് സേന അറസ്‌റ്റ് ചെയ്‌തത്.
ഗുജറാത്തില്‍ നിന്നുള്ളവരാണ് പിടിയിലായ മത്സ്യ തൊഴിലാളികള്‍ . പത്ത് ബോട്ടുകളോടൊപ്പം പിടികൂടിയ ഇവരെ കോടതിയില്‍ ഹാജരാക്കി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് അറസ്റ്റെന്ന് പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമുദ്രത്തില്‍ 15 ദിവസം കഴിഞ്ഞ് കരയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്.
ഇരു രാജ്യങ്ങളും തടവിലായിരുന്ന മത്സ്യ തൊഴിലാളികളെ വിട്ടയച്ചതിന് പിന്നാലെയാണ് പാക് സേന ഇന്ത്യന്‍ തൊഴിലാളകളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മാര്‍ച്ച് ആറിന് 87 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്‌ച കഴിഞ്ഞ് മാര്‍ച്ച് 20ന് 86 തൊഴിലാളികളെകൂടി പാകിസ്‌താന്‍ വിട്ടയച്ചിരുന്നു. ലാഹോര്‍ വരെ ട്രെയിനില്‍ എത്തിച്ച ശേഷം ഇവരെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ സേനയ്‌ക്ക് കൈമാറുകയായിരുന്നു. മാര്‍ച്ച് 17ന് ഒമ്പത് പാകിസ്‌താന്‍ മത്സ്യ തൊഴിലാളികളെ ഇന്ത്യയും മോചിപ്പിച്ചിരുന്നു.