ഹെയ്തിയില്‍ 170 തടവുകാര്‍ ജയില്‍ചാടി

Update: 2017-02-19 10:34 GMT
Editor : Alwyn K Jose
ഹെയ്തിയില്‍ 170 തടവുകാര്‍ ജയില്‍ചാടി
Advertising

ജയിലിലെ ആയുധങ്ങളും ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഹെയ്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി.

വടക്കന്‍ ഹെയ്തിയില്‍ 170 ലേറെ തടവുകാര്‍ ജയില്‍ ചാടി. കാവല്‍ക്കാരെ ആക്രമിച്ചതിന് ശേഷമാണ് തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ ആയുധങ്ങളും ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഹെയ്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി.

ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിന് സമീപം തീരമേഖലയിലുള്ള ജയിലിലാണ് സംഭവം. കാവല്‍ക്കാരെ ആക്രമിച്ച ശേഷം 170 ലേറെ പേര്‍ ഒരുമിച്ചാണ് ജയില്‍ ചാടിയത്. ജയില്‍ കാവല്‍ക്കാര്‍ക്ക് അനുവദിച്ച മേഖലയില്‍ കടന്ന ശേഷമായിരുന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവര്‍ നിരവധി തോക്കുകളും മോഷ്ടിച്ചിട്ടുണ്ട്. തടവുകാരുടെ ആക്രമണത്തില്‍ ഒരു കാവല്‍ക്കാരന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍11 പേരെ പൊലീസ് പിടികൂടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹെയ്തിയില്‍ സുരക്ഷ ശക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ പുറത്തിറങ്ങുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നത് കര്‍ശനമാക്കി. സംശയം തോന്നുന്നവരെല്ലാം കസ്റ്റഡിയിലെടുത്ത് വരികയാണ്.

ജയിലില്‍ ആകെയുണ്ടായിരുന്ന 266 തടവുകാര്‍ക്കും യൂണിഫോം ഉണ്ടായിരുന്നില്ല. ഇത് തടവ് ചാടിയതിന് ശേഷം സ്വതന്ത്രമായി യാത്ര ചെയ്യുന്നതിന് സഹായകമായിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. രക്ഷപ്പെട്ട തടവുകാര്‍ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ യുഎന്‍ സമാധാനസേനയും പങ്കാളികളായിട്ടുണ്ട്. ചുഴലിക്കാറ്റ് രൂക്ഷമായ നാശം വിതച്ച ഹെയ്തിയില്‍ , രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പൊലീസുകാരെ മാറ്റിയ സാഹചര്യം മുതലെടുത്താണ് തടവുകാര്‍ കൂട്ടത്തോടെ ജയില്‍ ചാടിയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News