ഷിമോണ്‍ പെരസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് പെരസ് ഇപ്പോള്‍. 93 കാരനായ പെരസിന് ഇപ്പോള്‍ മയക്കത്തിനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. മയക്കത്തിനുള്ള മരുന്നുകള്‍ കുറച്ച് കൊണ്ടുവരികയാണെന്നും ആരോഗ്യനില കുറച്ച് മണിക്കൂറിനുള്ളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഓരോ മണിക്കൂറിലും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും അത് വിലയിരുത്തുകയും ചെയ്യും. രണ്ട് ദിവസം മുമ്പുവരെ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. യോഗങ്ങളിലും മറ്റും പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. പെരസിന്റെ ആരോഗ്യനിലയെ കുറിച്ച് അറിയാന്‍ നിരവധി പേരാണ് ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് എത്തുന്നത്. എല്ലാവരും അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുകയാണ്. 2007 മുതല്‍ 2014 വരെ ഇസ്രയേല്‍ പ്രസിഡന്റായിരുന്നു പെരസ്. 1994 ല്‍ അദ്ദേഹം നൊബേല്‍ പുരസ്കാരം നേടിയിരുന്നു.