ട്രംപ് അധികാരമേല്‍ക്കുന്നതിനിടെ അമേരിക്കയിലും പുറത്തും വന്‍ പ്രതിഷേധം
കറുത്ത വസ‌്‌ത്രങ്ങള്‍ ധരിച്ചെത്തിയവര്‍ അമേരിക്കല്‍ തെരുവുകളില്‍ പോലീസുമായി ഏറ്റുമുട്ടി
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കറുത്ത വസ‌്‌ത്രങ്ങള്‍ ധരിച്ചെത്തിയവര്‍ അമേരിക്കല്‍ തെരുവുകളില്‍ പോലീസുമായി ഏറ്റുമുട്ടി. മറ്റ് ലോകരാജ്യങ്ങളിലും ട്രംപിനെതിരെ സമാനമായ പ്രതിഷേധമാണുണ്ടായത്
കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. വാഷിങ്ടണില്‍ നടന്ന പ്രതിഷേധത്തില്‍ കറുത്ത മുഖം മൂടിയും വസ്‌ത്രവും ധരിച്ചെത്തിയവര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രാഞ്ച് പ്രതിഷേധക്കാര്‍ അക്രമിച്ചു. പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
ന്യൂയോര്‍ക്കിലും മറ്റ് നഗരങ്ങളിലും പ്രതിഷേധക്കാര്‍ അണിനിരന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധമാണുണ്ടായത്. ട്രംപിന്റെ വംശീയ വിദ്വേഷ നിലപാടിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ലണ്ടനില്‍ പ്രതിഷേധക്കാര്‍ അണിനിരന്നത്. മതിലുകളല്ല, പാലങ്ങളാണ് പണിയേണ്ടതെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
ജര്‍മനി, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. മനിലയില്‍ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ട്രംപിന്‍റെ ചിത്രമടങ്ങിയ അമേരിക്കന്‍ പതാക കത്തിച്ചു.