ഇറാനും ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളായി
ഇസ്താംബുളില്‍ സമാപിച്ച ഒ.ഐ.സി ഉച്ചകോടിയുടെ അന്തിമ പ്രമേയത്തില്‍ ഇറാനെ പേരെടുത്ത് വിമര്‍ശിച്ചതാടെയാണ് അകല്‍ച്ചക്ക് പുതിയ തലം കൈവന്നിരിക്കുന്നത്...
ഇറാനും ഗള്‍ഫ് അറബ് രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ വഷളായി. ഇസ്താംബുളില്‍ സമാപിച്ച ഒ.ഐ.സി ഉച്ചകോടിയുടെ അന്തിമ പ്രമേയത്തില്‍ ഇറാനെ പേരെടുത്ത് വിമര്‍ശിച്ചതാടെയാണ് അകല്‍ച്ചക്ക് പുതിയ തലം കൈവന്നിരിക്കുന്നത്.
തീവ്രവാദത്തെ പിന്തുണക്കുകയും അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന നിലപാട് ഇറാന്‍ തിരുത്തണമെന്ന ആവശ്യമാണ് മുസ്ലിം രാജ്യങ്ങളുടെ പൊതു കൂട്ടായ്മയായ ഒ.ഐ.സി ഉച്ചകോടിയുടെ പ്രമേയം മുന്നറിയിപ്പ് നല്‍കുന്നത്. ബഹ്‌റൈന്‍, യമന്‍, സിറിയ, സോമാലിയ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കാനും ഒ.ഐ.സി പ്രമേയം മറന്നില്ല.
ഇറാന്‍ പിന്തുണയോടെ ഹൂതികളും ഹിസ്ബുല്ലയും മേഖലയില്‍ നടത്തുന്ന തീവ്രവാദ നടപടികളും ഒ.ഐ.സി നേതാക്കളുടെ കടുത്ത വിമര്‍ശത്തിന് ഇടയാക്കി. ഇറാനെ ഏതു നിലക്കും ഒറ്റപ്പെടുത്തുകയെന്ന നിലക്കായിരുന്നു ചില രാജ്യങ്ങള്‍ കരുക്കള്‍ നീക്കിയതെന്ന ആക്ഷേപം ഇറാനുണ്ട്. അതുകൊണ്ടു തന്നെ ഇസ്തംബുള്‍ ഉച്ചകോടിയുടെ സമാപന സമ്മേളനം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ബഹിഷ്‌കരിക്കുകയും ചെയ്തു. ഒ.ഐ.സി നടപടിയില്‍ ഇറാന്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
സിറിയ, യമന്‍ പ്രതിസന്ധികളാണ് ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ്അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ആണവ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ സന്നാഹങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് ഗള്‍ഫ് രാജ്യങ്ങളുടേത്. ഈ മാസം 21ന് സൗദിയില്‍ എത്തുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് മുമ്പാകെ ഇക്കാര്യം ഉന്നയിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
നീണ്ടകാല ഉപരോധം നീങ്ങിയതോടെ മേഖലയിലെ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം മെച്ചെപ്പെടുത്താനുള്ള അനുകൂല സാഹചര്യം കൂടിയാണ് പുതിയ പശ്ചാത്തലത്തില്‍ ഇറാന് നഷ്ടമാകുന്നത്. ഇറാനും ഗള്‍ഫ് രാജ്യങ്ങളുമായി അനുരഞ്ജനത്തിന് നീക്കം നടത്തിയ ഒമാനും ഇപ്പോള്‍ പിറകോട്ടടിച്ചിരിക്കുകയാണ്.