ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കാന്‍ നീക്കം

Update: 2017-04-20 08:35 GMT
Editor : Alwyn K Jose
ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കാന്‍ നീക്കം
Advertising

തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായാണ് ബുര്‍ഖ നിരോധിക്കാന്‍ നടപടി ആലോചിക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.

ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായാണ് ബുര്‍ഖ നിരോധിക്കാന്‍ നടപടി ആലോചിക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. കുറ്റവാളികളെ നാടുകടത്തുന്ന പദ്ധതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് അഫ്ഗാന്‍ അഭയാര്‍ഥിയായി എത്തിയ പതിനേഴുകാരന്‍ ട്രെയിനില്‍ യാത്രക്കാരെ മഴുവും കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. നിരവധി പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. ജുലൈയില്‍ തന്നെയായിരുന്നു സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റത്. ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും പരിശോധന ശക്തമാക്കാനും തീരുമാനിച്ചതായി ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബുര്‍ഖ നിരോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്ര ധാരണം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. തീവ്രവാദികളും ആക്രമണകാരികളും ഈ വേഷത്തെ മുതലെടുക്കുമെന്നും മെയ്സ്യര്‍ പറയുന്നു. ജര്‍മനിയില്‍ കുറച്ച് പേര്‍ മാത്രമാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്. ജര്‍മനിയിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ ബുര്‍ഖ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഇറ്റലിയുടെ പല ഭാഗങ്ങളിലും ബുര്‍ഖ നിരോധിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പും ശക്തമാണ്. രാജ്യത്ത് ആക്രമണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കുറ്റവാളികളെ നാടുകടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News