സ്വതന്ത്ര മന്ത്രിസഭ രൂപീകരണം ആവശ്യപ്പെട്ട് ഇറാഖില്‍ പ്രതിഷേധം
മന്ത്രിസഭ പരിഷ്കരണം നടപ്പിലാകാത്തതിനെ തുടര്‍ന്ന് ഇറാഖ് പാര്‍ലമെന്റിലേക്ക് ശിയാ പ്രതിഷേധക്കാര്‍ ഇരച്ചു കയറി.
ഇറാഖില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം തുടരുന്നു. മന്ത്രിസഭ പരിഷ്കരണം നടപ്പിലാകാത്തതിനെ തുടര്‍ന്ന് ഇറാഖ് പാര്‍ലമെന്റിലേക്ക് ശിയാ പ്രതിഷേധക്കാര്‍ ഇരച്ചു കയറി. ഇറാഖില്‍ സ്വതന്ത്ര മന്ത്രിസഭ രൂപീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ശിയാ നേതാവ് മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പേരാണ് പാര്‍ലമെന്റിലേക്ക് പ്രതിഷേധവുമായെത്തിയത്. ഇറാഖ് പാര്‍ലമെന്റിലെ അതീവ സുരക്ഷയേറിയ ഗ്രീന്‍സോണിലേക്ക് കടന്ന പ്രതിഷേധക്കാരില്‍ നൂറോളം പേര്‍ പാര്‍ലമെന്റ് ചേംബറിനകത്തേക്കും ഇരച്ചു കയറി. സദര്‍ അനുകൂല മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനകത്ത് ഇറാഖ് പതാക ഉയര്‍ത്തി നൃത്തം ചെയ്തു.
മന്ത്രിസഭാ പരിഷ്കരണം നടപ്പിലാകാത്തതാണ് ശിയാ വിഭാഗക്കാരുടെ പ്രതിഷേധത്തിന് കാരണം. സാങ്കേതിക വിദഗ്ധരുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട മന്ത്രിമാരെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചകളായി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പാര്‍ലമെന്റിലെ ശക്തരായ പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തുവന്നതോടെ പുതിയ കാബിനറ്റ് പട്ടിക തയ്യാറാക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോവണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 2003ലെ യുഎസ് അധിനിവേശത്തിനും സദ്ദാം ഹുസൈന്റെ പതനത്തിനും ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍.