എടിഎമ്മുകളില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് കവര്‍ന്നത് 85 കോടി
നൂറോളം പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും 13 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) കവര്‍ന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് 1400 ഓളം എടിഎം മെഷീനുകളില്‍ നിന്നായി പണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
നൂറോളം പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെയ് 15ന് പുലര്‍ച്ചെയാണ് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടത്. എടിഎമ്മില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്നത് 100000 യെന്‍ ആയതിനാല്‍ 14000ത്തിലധികം തവണ പണം പിന്‍വലിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ബാങ്കിന്റെ 1600 ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ എടിഎം കാര്‍ഡുകള്‍ മോഷ്ടാക്കള്‍ നിര്‍മ്മിച്ചത്. അതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.
എടിഎമ്മുകളിലുണ്ടായിരുന്ന സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകമാകുമെന്നാണ് പൊലീസിന്റെ നിഗമനം. ദക്ഷിണാഫ്രിക്കന്‍ ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി സഹകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.