ഐഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ശിയ പോരാളികള്‍
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്ന് ഐഎസ് ഭീകരരെ തുരത്താനുള്ള ശക്തമായ പോരാട്ടത്തിലാണിവര്‍.
തെക്കന്‍ മൊസൂളില്‍ ഐഎസിനെതിരായി പുതിയ ആക്രമണ രീതിക്ക് തുടക്കം കുറിച്ച് ശിയ പോരാളികള്‍. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്ന് ഐഎസ് ഭീകരരെ തുരത്താനുള്ള ശക്തമായ പോരാട്ടത്തിലാണിവര്‍. ഐ എസ് സംഘങ്ങളെ ബന്ധിപ്പിക്കുന്ന ഒരേയൊരു ഇടനാഴി അടക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചു. ശിയാക്കളുടെ സായുധ കൂട്ടുകക്ഷിയാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ യൂണിറ്റ്. ഇവര്‍ ഐ എസിനെതിരായ പോരാട്ടത്തില്‍ ഇതുവരെ സജീവമായി രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പി എം യു ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. മൊസൂളും സിറിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി അടയ്ക്കുക എന്നതാണിപ്പോള്‍ ശിയ പോരാളികളുടെ നീക്കം. ഇത് ഐഎസിനെ വളയുന്നതിനും മൊസൂളിന് ചുറ്റും കാവല്‍ തീര്‍ക്കുന്നതിനും സഹായിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഐഎസ് പോലെ തന്നെ മറ്റൊരു ഭീകര സംഘമായാണ് ഇറാഖിലെ സുന്നിവിഭാഗം ഇവരെ കണ്ടിരുന്നത്. യൂണിറ്റ് ഇന്നലെ 7 മണിക്കൂറിനുള്ളില്‍ മാത്രം 10 ഗ്രാമങ്ങള്‍ ഐ എസില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഇതോടെ ഐ എസ് വിരുദ്ധ പോരാട്ടത്തില്‍ ഇറാഖിലെ പ്രധന ശ്രദ്ധാ കേന്ദ്രമാവുകയാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ യൂണിറ്റ്. ഇവരുടെ മുന്നേറ്റം ഇറാഖ് സേനക്ക് സഹായമാവുകയും ചെയ്യും.