ഐഎസിനെ തകര്‍ക്കാന്‍ മൊസൂളില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി
അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് സര്‍ക്കാര്‍ ശക്തമായ കരയാക്രമണം നടത്തുക.
ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ശക്തമായ ആക്രമണം നടത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് സര്‍ക്കാര്‍ ശക്തമായ കരയാക്രമണം നടത്തുക.
ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയതും പുരാതനവുമായ നഗരമാണ് മൊസൂള്‍. നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമം നേരത്തെ തുടങ്ങിയതാണെങ്കിലും ഇനി പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അമേരിക്കന്‍ സൈന്യത്തിന്റെയും സായുധ ഗോത്രവിഭാഗങ്ങളുടെയും പിന്തുണയോടെയാണ് ഇറാഖ് മൊസൂള്‍ ദൌത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ മൊസൂളില്‍ ആകാശ പട്രോളിങ് നടത്തുന്നുണ്ട്.
കുര്‍ദിഷ് പെഷമെര്‍ഗയും ഇറാഖ് സൈന്യത്തിനൊപ്പം ചേരും. മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് പെഷമര്‍ഗ സൈന്യം. ഐഎസിന്റെ ഇറാഖിലെ തലസ്ഥാനമായി കരുതപ്പെടുന്ന നഗരമാണ് മൊസൂള്‍. 2014 ല്‍ ഇവിടം പിടിച്ചടക്കിയതോടെയാണ് മൊസൂളിലെ പള്ളി കേന്ദ്രമാക്കി അബൂബക്കര്‍ അല്‍ ബഗ്ദാദി ഖിലാഫത്ത് നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. മൊസൂള്‍ പിടിക്കാനായാല്‍ ഐഎസിന് വന്‍ ആഘാതമേല്‍പ്പിക്കാനാകുമെന്നാണ് ഇറാഖിന്‍റെയും അമേരിക്കയുടെയും കണക്കുകൂട്ടല്‍. ആക്രമണം ആരംഭിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.