ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി ചൈന
ഉത്തരകൊറിയയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി.
ഉത്തരകൊറിയയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടന്നുള്ള ഉത്തരകൊറിയയുടെ നടപടി മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ കടുത്ത ഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍ എല്ലാ അംഗ രാജ്യങ്ങളും കര്‍ശനമായി പാലിക്കണം. ഉപരോധം മറികടന്നുള്ള ഉത്തരകൊറിയയുടെ നടപടികള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സുംഗിന്റെ ജന്മദിനത്തിലായിരുന്നു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം. മൊബൈല്‍ ലോഞ്ചറില്‍നിന്നും വിക്ഷേപിക്കാവുന്ന മുസുഡാന്‍ മിസൈലുകളുടെ വിക്ഷേപണം പരാജയമായിരുന്നു. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വിക്ഷേപണ വാര്‍ത്ത പുറത്തുവിടത്. ദക്ഷിണ കൊറിയയും അമേരിക്കയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ മുസുഡാന്‍ മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നാണ് വിലയിരുത്തല്‍.