അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം
ട്രംപിന്റെ ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് തെളിവില്ലെന്നും കോമെ വ്യക്തമാക്കി
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സ്ഥിരീകരണം. ട്രംപിന്റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ റഷ്യക്ക് കഴിഞ്ഞോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ മേധാവി ജെയിംസ് കോമെ പറഞ്ഞു. ട്രംപിന്റെ ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് തെളിവില്ലെന്നും കോമെ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കെ തന്റെ ഫോണ്‍ചോര്‍ത്താന്‍ പ്രസിഡന്റ് ഒബാമ നിര്‍ദേശം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എഫ് ബി ഐ മേധാവി ജയിംസ്ക കോമി. ഫോണ്‍ചോര്‍ത്താന്‍ നിര്‍ദേശം നല്കിയതിനെക്കുറിച്ചറിയില്ലെന്ന് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റിന്റെ ട്വീറ്റിനോട് ബഹുമാനത്തോടെ പറയട്ടെ, മുന്‍ സര്‍ക്കാറില്‍ നിന്ന് ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശമുണ്ടായ ആരോപണത്തെക്കുറിച്ച് എനിക്കൊരു അറിവുമില്ല. ട്വീറ്റും മറ്റ് വിവരങ്ങളും എഫ് ബി ഐ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. നീതിന്യായ വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതേ ഉത്തരം താങ്കളോട് വ്യക്തമാക്കാന്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ട്. നീതിന്യായ വകുപ്പിനും ഇതേക്കുറിച്ച് ഒരു വിവരങ്ങളുമില്ല.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതായ വാര്‍ത്തയും എഫ്.ബി.ഐ മേധാവി ജയിംസ് കോമി സ്ഥിരീകരിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗവുമായി റഷ്യക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും കാംപയിന് ഏകോപിപ്പിക്കുന്നതിന് റഷ്യൻ സഹായം ലഭിച്ചോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.