നവംബര്‍ എട്ടിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; യുഎസ് ആരെ വരിക്കും ?
ഹിലരിയും ട്രംപുമടക്കം ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്‍റായി ഹിലരി വൈറ്റ് ഹൌസിലെത്തുമോ അതോ, ട്രംപിനെ അമേരിക്കന്‍ വോട്ടര്‍മാര്‍ വരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കയുടെ 58മത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് നവംബര്‍ എട്ടിന് നടക്കുക. ഹിലരിയും ട്രംപുമടക്കം ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്‍റായി ഹിലരി വൈറ്റ് ഹൌസിലെത്തുമോ അതോ, ട്രംപിനെ അമേരിക്കന്‍ വോട്ടര്‍മാര്‍ വരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 45 മത്തെ പ്രസിഡന്റിനെയും 48 മത്തെ വൈസ് പ്രസിഡന്റിനെയുമാണ് നവംബര്‍ എട്ടിന് തെരഞ്ഞെടുക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപുമാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണ്‍, ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്റ്റെയിന്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍ പാര്‍ട്ടിയുടെ ഡാറെല്‍ കാസില്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഇവാന്‍ മെക്മുലിന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍.
ന്യൂയോര്‍ക്ക് സെനറ്ററാണ് 69 കാരിയായ ഹിലരി ക്ലിന്‍റണ്‍. 2009 മുതല്‍ 2013 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിക്ക് ആ അനുഭവസമ്പത്ത് തന്നെയാണ് കൈമുതല്‍ . മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയെന്ന ആനുകൂല്യവും ഹിലരിക്ക് കരുത്താണ്. ഒബാമയുടെ നയങ്ങള്‍ പിന്തുടരുന്ന ഹിലരിയുടെ മുദ്രാവാക്യം ഒരുമിച്ച് കൂടുതല്‍ ശക്തിയോടെ എന്നാണ്. എന്നാല്‍ ഇ മെയില്‍ വിവാദവും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുണ്ടായ പുനരന്വേഷണവും ഹിലരിക്ക് വലിയ തിരിച്ചടി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത, കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ കയ്യാളുന്ന വ്യവസായിയാണ് ഡൊണാള്‍ഡ് ട്രംപ്. വിവാദ പ്രസംഗങ്ങളിലൂടെയും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെയുമാണ് ട്രംപ് ശ്രദ്ധയാകര്‍ഷിച്ചത്. നവയാഥാസ്ഥികരുടെ വോട്ട് നേടാന്‍ ട്രംപിനെ ഇത് സഹായിച്ചു. മേക് അമേരിക്ക ഗ്രേറ്റ് എഗന്‍ എന്നതാണ് ട്രംപിന്‍റെ മുദ്രാവാക്യം. എന്നാല്‍, ട്രംപ് ഉയര്‍ത്തിയ വംശീയ പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധ പ്രസ്താവനകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ തന്നെ ട്രംപില്‍ നിന്നകറ്റി. ഏറ്റവുമൊടുവില്‍ ട്രംപിനെതിരെ നിരവധി വനിതകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതും തിരിച്ചടിയായി.
ദ്വികക്ഷി സമ്പ്രദായത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് പ്രക്രിയയായതിനാല്‍ മൂന്നാമതൊരു സ്ഥാനാര്‍ഥിക്ക് ജയസാധ്യത ഇക്കുറിയുമില്ല അമേരിക്കിയില്‍. 1868ന് ശേഷം മൂന്നാം കക്ഷികള്‍ക്കോ സ്വതന്ത്രര്‍ക്കോ ഒരു സംസ്ഥാനത്ത് പോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ വിശേഷിച്ചും. വെര്‍ജിനിയ സെനറ്റര്‍ ടിം കെയ്നാണ് ഹിലരിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ഇന്‍ഡ്യാന ഗവര്‍ണര്‍ മൈക് പെന്‍സ് ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ജയസാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ വനിതയാണ് ഹിലരി ക്ലിന്‍റണ്‍. അഭിപ്രായ സര്‍വേകളില്‍ ഹിലരി ക്ലിന്‍റണ്‍ മുന്നിട്ട് നിന്നുവെങ്കില്‍ ഒടുവിലുണ്ടായ ഇമെയില്‍ കേസ് ഹിലരിയുടെ ജനപിന്തുണയെ കുറച്ചിട്ടുണ്ട്.