ഷാര്‍ജയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ മോഷണം: മൂന്ന് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍
കവര്‍ച്ച ചെയ്യപ്പെട്ട ഏഴ് കിലോ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന് 30 മണിക്കൂറിനകമാണ് പ്രതികള്‍ പിടിയിലായത്.
ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജ്വല്ലറിയില്‍ നിന്ന് വന്‍തുകയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. നാലംഗ സംഘത്തിലെ ഒരാള്‍ രാജ്യംവിട്ടതായി പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട ഏഴ് കിലോ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന് 30 മണിക്കൂറിനകമാണ് പ്രതികള്‍ പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഷാര്‍ജ റോളയിലെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍ഡ്സ് ഷോറൂമില്‍ മോഷണം നടന്നത്. കവര്‍ച്ചക്കാരില്‍ ഒരാള്‍ അകത്ത് പ്രവേശിച്ചയുടന്‍ അപകടസൈറന്‍ മുഴങ്ങി. മൂന്ന് മിനിറ്റിനകം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രണ്ട് മിനിറ്റിനുള്ളില്‍ കവര്‍ച്ചക്കാര്‍ ഷോക്കേസിലെ ആഭരണങ്ങള്‍ വാരി സഞ്ചിയിലാക്കി രക്ഷപ്പെട്ടിരുന്നു. സംഘത്തിലെ മൂന്ന് പേര്‍ പുറത്തുകാവല്‍ നിന്ന് ഒരാള്‍ ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷണകാമറയില്‍ പതിഞ്ഞിരുന്നു. അകത്ത് കടന്ന ആഭരണങ്ങള്‍ വാരിക്കൂട്ടിയ ആള്‍ നാല് മണിക്കൂറിനകം രാജ്യംവിട്ടു. മറ്റു മൂന്ന്പേര്‍ ആഭരണങ്ങള്‍ കാര്‍ഗോവഴി അയക്കാനായി ജബല്‍അലി തുറമുഖത്ത് എത്തിച്ചു. കയറ്റി അയക്കുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ആഭരണങ്ങള്‍ കാര്‍ഗോവഴി കടത്താനായിരുന്നു പദ്ധതി. നിരീക്ഷണകാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരെ പിടികൂടാന്‍ സഹായകമായത്. കവര്‍ച്ച നടന്ന് 24 മണിക്കൂറിനകം ആദ്യ പ്രതി പിടിയിലായി.
സംഘത്തിലെ മൂന്ന് പേര്‍ സന്ദര്‍ശകവിസയില്‍ യു എ ഇയിലെത്തിയാണ് കവര്‍ച്ച നടത്തിയത്. താമസവിസയിലുള്ള പ്രതിയുടെ വാഹനത്തിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. രാജ്യംവിട്ടയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഷാര്‍ജ പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.