ഹിലരിയോ ട്രംപോ - വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Update: 2017-05-30 12:39 GMT
ഹിലരിയോ ട്രംപോ - വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Advertising

ഭീകരാക്രമണം നടന്നേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പു വന്നതോടെ സുരക്ഷാ സംവിധാനങ്ങള്‍ പതിന്മടങ്ങ് ശക്തമാക്കി

ബറാക് ഒബാമയുടെ പിന്‍ഗാമിയായി വൈറ്റ് ഹൌസില്‍ ആരു വരുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വൈകീട്ട് വോട്ടെടുപ്പ് ആരംഭിച്ചു. ഹിലരിയും ട്രംപുമടക്കം ആറ് പ്രമുഖ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമ വനിതാ പ്രസിഡന്‍റായി ഹിലരി ക്ലിന്‍റണ്‍വൈറ്റ് ഹൌസിലെത്തുമോ അതോ ട്രംപിനെ അമേരിക്കന്‍ വോട്ടര്‍മാര്‍ വരിക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. അന്‍പത്തിഎട്ടാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് അമേരിക്കയില്‍ ഇന്ന് നടക്കുക. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ നാല്‍പത്തിയഞ്ചാമത്തെ പ്രസിഡന്റിനെയും നാല്‍പ്പത്തി എട്ടാമത്തെ വൈസ് പ്രസിഡന്റിനെയും തീരുമാനിക്കുന്നതിനുള്ള ജനവിധി.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണിനും റിപ്പബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും പുറമെ, ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണ്‍, ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്റ്റെയിന്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍ പാര്‍ട്ടിയുടെ ഡാറെല്‍ കാസില്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇവാന്‍ മെക്മുലിന്‍ എന്നിവര്‍ മത്സര രംഗത്തുണ്ട്. ദ്വികക്ഷി സമ്പ്രദായത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് പ്രക്രിയയായതിനാല്‍ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിക്ക് ജയസാധ്യത ഇക്കുറിയുമില്ല അമേരിക്കയില്‍. വെര്‍ജിനിയ സെനറ്റര്‍ ടിം കെയ്നാണ് ഹിലരിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. ഇന്‍ഡ്യാന ഗവര്‍ണര്‍ മൈക് പെന്‍സ് ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു.

ഇന്ന് നടക്കുന്ന വോട്ടെടുപ്പിലൂടെ നിര്‍ണയിക്കപ്പെടുന്ന 508 ഇലക്ടര്‍മാര്‍ ചേര്‍ന്നാണ് യുഎസ് പ്രസിഡന്‍റിനെ തീരുമാനിക്കുന്നത്. ഹിലരിക്കും ട്രംപിനും ലഭിക്കുന്ന വോട്ടിന് ആനുപാതികമായാണ് അവരുടെ ഇലക്ട്രല്‍ കോളജ് അംഗങ്ങളുടെ എണ്ണം തീരുമാനിക്കുക. 508 അംഗ ഇലക്ട്രല്‍ കോളജില്‍ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് വൈറ്റ് ഹൌസിലെത്തുക. ഇലക്ട്രല്‍ കോളജ് അംഗങ്ങള്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് എണ്ണുക. എന്നാല്‍ ഇന്ത്യന്‍ സമയം നവംബര്‍ ഒന്‍പതിന് രാവിലെ മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും അടുത്ത അമേരിക്കന്‍ പ്രസിഡന്‍റിനെ അറിയാനാവും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭീകരാക്രമണം നടന്നേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പു വന്നതോടെ സുരക്ഷാ സംവിധാനങ്ങള്‍ പതിന്മടങ്ങ് ശക്തമാക്കിയ പൊലീസ് ന്യൂയോര്‍ക്ക്, ടെക്സസ്, വെര്‍ജീനിയ നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വോട്ടെടുപ്പില്‍ കൃത്രിമത്വങ്ങള്‍ തടയാനുള്ള നടപടികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

വോട്ടെടുപ്പു ദിവസം അമേരിക്കന്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യാന്‍ ഭീകരസംഘടനയായ ഐഎസ് ആഹ്വാനം ചെയ്തതായ വാര്‍ത്തകള്‍ പുറത്തു വന്നതോടെ കനത്ത പൊലീസ് കാവലിലായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് മാധ്യമമെന്ന് കരുതപ്പെടുന്ന അല്‍ ഹയാത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് 'അമേരിക്കന്‍ ബാലറ്റ് പെട്ടികള്‍ തകര്‍ക്കാനും അമേരിക്കന്‍ വോട്ടര്‍മാരെ കശാപ്പു ചെയ്യാനും ആഹ്വാനമുള്ളത്. ന്യൂയോര്‍ക്ക്, ടെക്സസ്, വെര്‍ജീനിയ നഗരങ്ങളില്‍ അല്‍ ഖായിദ ഭീകരാക്രമണം നടത്തിയേക്കുമെന്ന ഇന്റലിജന്‍സും നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. അതേസമയം ആശങ്കിക്കാനൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണൊരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, തെരഞ്ഞെടുപ്പില്‍ കൃത്രിമത്വങ്ങള്‍ നടക്കാനുള്ള എല്ലാ സാധ്യതയും അടച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മിക്ക നഗരങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളുടേയും തെരഞ്ഞെടുപ്പ് പ്രക്രിയകളുടേയും ഡെമോ പ്രദര്‍ശനവും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും മേല്‍നോട്ടത്തിലായിരുന്നു പ്രദര്‍ശനം.

അമേരിക്കന്‍ പ്രസിഡന്റായി ഹിലരി ക്ലിന്‍റണ്‍ വരുമെന്നാണ് ഭൂരിപക്ഷം സര്‍വേ ഫലങ്ങളും പറയുന്നത്. ഹിലരിക്ക് രണ്ട് മുതല്‍ ഏഴ് വരെ പോയന്റിന്റെ ലീഡ് ലഭിക്കുമെന്നാണ് പ്രവചനം. ഡൊണാള്‍ഡ് ട്രംപ് അധികരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സര്‍വേകളും ഉണ്ട്. 508 അംഗ ഇലക്ട്രല്‍ കോളജില്‍ 303 വോട്ടുകള്‍ നേടി ഹിലരി ട്രംപിനെ തോല്‍പ്പിക്കുമെന്നാണ് റോയിട്ടേഴ്സും ഇപ്സോസും നടത്തിയ അവസാന ഘട്ട സര്‍വേ ഫലങ്ങള്‍ പറയുന്നത്. 235 ഇലക്ട്രല്‍സിനെയാവും ട്രംപിന് ലഭിക്കുക. വാഷിങ്ടണ്‍ പോസ്റ്റിന്റെ സര്‍വേയിലും ഹിലരിക്കാണ് സാധ്യത. 275 ഇല്ക്ട്രല്‍ കോളജ് അംഗങ്ങളുടെ പിന്തുണ ഹിലരിക്ക് ഉറപ്പായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ബിബിസി ന്യൂസ് ഹിലരി ക്ലിന്‍ണ് 48 ശതമാനം വിജയവും ട്രംപിന് 44 ശതമാനവും ആണ് പ്രവചിക്കുന്നത്. ഡെമോക്രാറ്റുകളുടെ ഉറച്ച സ്റ്റേറ്റ് ആയിരുന്ന മിഷിഗണിലും പെന്‍സില്‍ വാനിയയിലും കടുത്ത മത്സരമാണ് നടക്കുന്നത്.

227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്‍റ് സ്ഥാനത്തെത്തുമോ എന്ന ആകാംക്ഷയിലാണ് ലോകം. തുടക്കം മുതല്‍ ഒടുക്കം വരെ ലീഡ് നിലനിര്‍ത്തിയ ഹിലരി തന്നെയാണ് അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും മുന്നില്‍. ന്യൂയോര്‍ക്ക് സെനറ്ററാണ് 69 കാരിയായ ഹിലരി ക്ലിന്‍റണ്‍. 2008ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയോട് പരാജയപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിക്ക് ആ അനുഭവസമ്പത്ത് തന്നെയാണ് കൈമുതല്‍. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയെന്ന ആനുകൂല്യവും ഹിലരിക്ക് കരുത്താണ്. ഒബാമയുടെ നയങ്ങള്‍ പിന്തുടരുന്ന ഹിലരിയുടെ മുദ്രാവാക്യം ഒരുമിച്ച് കൂടുതല്‍ ശക്തിയോടെ എന്നാണ്.
ഇമെയില്‍ വിവാദത്തില്‍ എഫ് ബിഐയുടെ ക്ലീന്‍ചിറ്റ് കൂടി ലഭിച്ചതോടെ പൂര്‍വാധികം ശക്തിയോടെയാണ് ഹിലരി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജയസാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ വനിതയാണ് ഹിലരി ക്ലിന്‍റണ്‍. 1947 ഒക്ടോബറില്‍ ഷികാഗോയില്‍ ഹിലരിയുടെ ജനനം. ചെല്‍സിയാണ് ഹിലരിയുടെ ഏകമകള്‍.

‍രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ കയ്യാളുന്ന വ്യവസായി. 45,000 കോടി ഡോളറാണ് ട്രംപിന്‍റെ ആസ്തി. വിവാദ പ്രസംഗങ്ങളിലൂടെയും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെയും നവയാഥാസ്ഥികരുടെ ശ്രദ്ധാകര്‍ഷിച്ചു. മേക് അമേരിക്ക ഗ്രേറ്റ് എഗന്‍ എന്നതാണ് ട്രംപിന്‍റെ മുദ്രാവാക്യം. എന്നാല്‍, ട്രംപ് ഉയര്‍ത്തിയ വംശീയ പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധ പ്രസ്താവനകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ തന്നെ ട്രംപില്‍ നിന്നകറ്റി. ഏറ്റവുമൊടുവില്‍ ട്രംപിനെതിരെ നിരവധി വനിതകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതും തിരിച്ചടിയായി. 1946 ജൂണില്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ട്രംപ് മൂന്നുതവണ വിവാഹിതനായി. 2005ല്‍ വിവാഹം കഴിച്ച മെലാനിയയാണ് നിലവിലെ ഭാര്യ. ഇവെങ്ക ട്രംപ്, ബാരന്‍ ട്രംപ്, എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരാണ് മക്കള്‍.

വൈറ്റ് ഹൌസിലെത്തേണ്ടത് ട്രംപോ ഹിലരിയോയെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കുന്നത് നയതന്ത്രവിഷയങ്ങളിലെ നിലപാടുകള്‍ കൂടി പരിഗണിച്ചാവും. ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങളുണ്ടായ കാലമാണ് പോയ പതിറ്റാണ്ട്. ഒബാമയുടെ കിരീടത്തിലെ പൊന്‍തൂവലായി കണക്കാക്കുന്ന ഇറാന്‍ ആണവകരാറില്‍ ട്രംപും ഹിലരിയും വിരുദ്ധചേരികളിലാണ്. ആസന്നമായ ആണവയുദ്ധത്തെയാണ് കരാര്‍ ഇല്ലാതാക്കിയതെന്ന നിലപാടിലാണ് ഹിലരി ക്ലിന്റന്‍. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാക്ക്. കരാറിലൂടെ ഇറാന് ലഭിച്ച ഫണ്ട് ഭീകരതയുടെ ചാലകശക്തിയാവുമെന്നാണ് ട്രംപിന്റെ വാദം. ഐഎസിനെ ഘട്ടംഘട്ടമായി തകര്‍ക്കാനുള്ള പദ്ധതി ഹിലരി നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഐഎസിനെതിരെ തനിക്ക് പദ്ധതിയുണ്ടെന്നും അത് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നുമാണ് ട്രംപിന്റെ നിലപാട്. അമേരിക്കയില്‍ സ്ഫോടനങ്ങള്‍ നിത്യസംഭവമായപ്പോഴും വൈകാരികമായാണ് ട്രംപ് പ്രതികരിച്ചത്. മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് ഇടംനല്‍കരുതെന്ന നിലപാട് ട്രംപിന് കുടിയേറ്റവിരുദ്ധ പരിവേഷം നല്‍കി. എന്നാല്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം കാണമെന്നായിരുന്നു ഹിലരിയുടെ വാദം. റഷ്യ-യുഎസ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും ശത്രുതയില്‍ തന്നെയാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ വഴക്കാളിയെന്നാണ് പ്രചാരണസമയത്ത് ഹിലരി വിശേഷിപ്പിച്ചത്. എന്നാല്‍ തികഞ്ഞ നാറ്റോ വിരുദ്ധനായ ട്രംപാവട്ടെ ഒന്നിലധികം തവണ പുടിനെ പ്രശംസിച്ച് സംസാരിച്ചു. ട്രംപിന്റെ നിലപാട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നാണ് ഹിലരി കാമ്പ് വാദിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ അനുകൂല നിലപാടാണ് ഒബാമക്കും ഹിലരിക്കും. എന്നാല്‍ നിഷ്പക്ഷതയാണ് വേണ്ടതെന്ന ട്രംപിന്റെ അഭിപ്രായം ശ്രദ്ധ നേടിയിരുന്നു. ഉത്തര കൊറിയ തൊടുക്കുന്ന മിസൈലുകള്‍ യുഎസിന് തലവേദന സൃഷ്ടിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. പ്രഖ്യാപിത ശത്രുവായ ഉത്തരകൊറിയയെ ഉപരോധങ്ങളില്‍ തളച്ചിടുകയെന്നതാണ് അമേരിക്ക തുടരുന്ന നയം. പക്ഷേ കിങ് ജോങ് ഉന്നിനെ അതിഥിയായി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും പ്രചാരണത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News