ദക്ഷിണ സുഡാന്‍ വൈസ് പ്രസിഡന്റിനെ മാറ്റിയതില്‍ യുഎന്‍ ഇടപെടുന്നു

Update: 2017-06-02 05:19 GMT
Editor : Alwyn K Jose
ദക്ഷിണ സുഡാന്‍ വൈസ് പ്രസിഡന്റിനെ മാറ്റിയതില്‍ യുഎന്‍ ഇടപെടുന്നു
Advertising

ദക്ഷിണ സുഡാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റിക് മഷാറിനെ നീക്കിക്കൊണ്ടുള്ള പ്രസിഡന്റ് സാല്‍വ കിറിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്.

ദക്ഷിണ സുഡാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റിക് മഷാറിനെ നീക്കിക്കൊണ്ടുള്ള പ്രസിഡന്റ് സാല്‍വ കിറിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്. സമാധാന കരാര്‍ ലംഘിക്കുന്ന രാഷ്ട്രീയ നിയമനങ്ങള്‍ നടത്താന്‍ സാല്‍വ കിറിന് അധികാരമില്ലെന്ന് യുഎന്‍ താക്കീത് ചെയ്തു. പുതിയ വൈസ് പ്രസിഡന്റായി തബാന്‍ ദേങ് ഗൈ ചുമതലയേറ്റെടുത്തു.

യുഎന്‍ ഇടപെട്ട് നടപ്പാക്കിയ സമാധാന കരാറുകളുടെ ഭാഗമായി കഴി‍ഞ്ഞ ഏപ്രിലിലായിരുന്നു വിമത നേതാവ് റിക് മഷാര്‍ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. കഴിഞ്ഞമാസം ജുബയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റിക് മഷാര്‍ രാജ്യം വിടുകയും വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് നിരന്തരമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ സൂത്രധാരന്‍ റിക് മഷാറാണെന്ന സാല്‍വ കിറിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു വൈസ് പ്രിസിഡന്റിന്റെ രാജ്യം വിടല്‍. റിക് മഷാര്‍ ഒളിവിലാണെന്ന് അറിയിച്ചാണ് തന്റെ അനുയായിയായ തബാന്‍ ദേങ് ഗൈയെ വൈസ് പ്രസിഡന്റായി സാല്‍വ കിര്‍ തെരഞ്ഞെടുത്തത്. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യം റിക് മഷാര്‍ അനുസരിച്ചില്ലെന്നാണ് പ്രസിഡന്റിന്റെ വാദം.

എന്നാല്‍ സാല്‍വ കിറിന്ഖെ നടപടി കഴിഞ്ഞവര്‍ഷത്തെ സമാധാന കരാറിന്റെ ലംഘനമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അ‍ഞ്ച് വര്‍ഷം മുന്‍പ് മാത്രം രൂപം കൊണ്ട ദക്ഷിണ സുഡാനില്‍ ഭരണ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ജുബയില്‍ കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെടുകയും 26.000ത്തിലേറെ പേര്‍ക്ക് അഭയാര്‍ഥികളാകേണ്ടിയും വന്നുവെന്നാണ് യുഎന്‍ കണക്കുകള്‍. വിവിധ സംഘര്‍ഷങ്ങളില്‍ രാജ്യത്ത് ഇതുവരെ പതിനായിരത്തിലേറെപേര്‍ കൊല്ലപ്പെട്ടു. രണ്ട് മില്യണിലേറെ പേര്‍ക്ക് അഭയാര്‍ഥികളാവേണ്ടിയും വന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News