സിറിയയിലെ സംഘര്‍ഷം: ഉടന്‍ ഇടപെടല്‍ വേണമെന്ന് യുഎന്‍ പ്രതിനിധി
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി സ്റ്റീഫന്‍ ഒബ്രിയന്‍
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി സ്റ്റീഫന്‍ ഒബ്രിയന്‍. യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ സംസാരിക്കവെയാണ് ഒബ്രിയന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും രാജ്യത്ത് അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒബ്രിയാന്റെ ആഹ്വാനം.
സിറിയന്‍ പ്രശ്നപരിഹാരത്തിന് കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് ഒബ്രിയാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിയായ റെയ്ഹാന്‍ലിയിലെ സിറിയന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച ശേഷമാണ് ഒബ്രിയാന്‍ സുരക്ഷാ കൌണ്‍സിലിനെ അഭിസംബോധന ചെയ്തത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും സിറിയയില്‍ സംഘര്‍ഷം തുടരുകയാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും വെടിനിര്‍ത്തല്‍ കരാറിനെ ബഹുമാനിക്കണമെന്ന് ഒബ്രിയാന്‍ ആഹ്വാനം ചെയ്തു. ഏകദേശം 6 ലക്ഷത്തോളം ജനങ്ങളാണ് സംഘര്‍ഷമേഖലകളില്‍ താമസിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തിലധികം പേരും ഐഎസ് അധീനപ്രദേശങ്ങളിലാണ്.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങളെങ്കിലും ഉണ്ടാകണമെന്ന് ഒബ്രിയാന്‍ പറഞ്ഞു. ഇതിന് ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.