അസദ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് റഷ്യയോട് അമേരിക്ക
വിശ്വസിക്കാന്‍ കൊളളാത്ത അസദ് ഭരണകൂടവുമായുള്ള കൂട്ടുകെട്ട് റഷ്യ ഉടന്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ടില്ലേഴ്‍സന്‍ പറഞ്ഞു
സിറിയയിലെ അസദ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് റഷ്യയോട് അമേരിക്ക. രാസായുധ പ്രയോഗം നടത്തിയ സിറിയയെ ഒറ്റപ്പെടുത്തണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‍സ് ടില്ലേഴ്‍സന്‍ പറഞ്ഞു. G7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടില്ലേഴ്‍സന്‍. റഷ്യക്കും സിറിയക്കും എതിരെ ഉപരോധം ശക്തിപ്പെടുത്തണമെന്ന ബ്രിട്ടന്റെ നിര്‍ദേശത്തിന് ഉച്ചകോടിയില്‍ പിന്തുണ ലഭിച്ചില്ല. ഇറ്റലിയില്‍ നടക്കുന്ന ജി സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ടില്ലേഴ്‍സന്റെ പ്രസ്താവന.
സിറിയയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ രാസായുധ പ്രയോഗം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. അസദ് കുടുംബത്തിന്റെ ആധിപത്യത്തിന് ഉടന്‍ അവസാനമാകും. വിശ്വസിക്കാന്‍ കൊളളാത്ത അസദ് ഭരണകൂടവുമായുള്ള കൂട്ടുകെട്ട് റഷ്യ ഉടന്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ടില്ലേഴ്‍സന്‍ പറഞ്ഞു.
അതേസമയം രാസായുധ പ്രയോഗത്തില്‍ സിറിയക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തെ ഉച്ചകോടി പിന്തുണച്ചില്ല. ഉപരോധം ഏര്‍പ്പെടുത്തിയത് കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്ന് വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സിറിയന്‍ വിഷയത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനല്ല ശ്രമിക്കേണ്ടതെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആഞ്ചലീനോ അല്‍ഫനോ പറഞ്ഞു. അസദ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി രാസായുധ പ്രയോഗത്തിന് തടയിടുകയാണ് വേണ്ടത്. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനാവണം ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രാസായുധം പ്രയോഗിച്ചെന്ന ആരോപണം സിറിയയും റഷ്യയും നിഷേധിച്ചിരുന്നു.
സിറിയന്‍ വിഷയത്തില്‍ ജിസെവന്‍ രാജ്യങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ച് നൂറോളം ആളുകള്‍ ഉച്ചകോടി നടക്കുന്ന നഗരത്തിലേക്ക് മാര്‍ച്ച് നടത്തി. ജി സെവന്‍ രാജ്യങ്ങള്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സിറിയയെ ബലിയാടാക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.