ബുറുണ്ടി ആഭ്യന്തര കലാപം അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതി അന്വേഷിക്കും
ബുറുണ്ടിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ആഭ്യന്തര കലാപത്തെക്കുറിച്ച് അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതി അന്വേഷണം നടത്തും.
ബുറുണ്ടിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ആഭ്യന്തര കലാപത്തെക്കുറിച്ച് അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതി അന്വേഷണം നടത്തും. ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫാതൂ ബെന്‍സൂഡയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശ സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
ബുറുണ്ടിയിലെ ആഭ്യന്തര കലാപം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതി അന്വേഷണം പ്രഖ്യാപിച്ചത്. കൊലപാതകം, പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ബുറുണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫാതൂ ബെന്‍ഡൂസ പറഞ്ഞു. . പ്രത്യക്ഷത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം. ഇത് മാസങ്ങളോ വര്‍ഷങ്ങളോ നീളാം.
ഏകദേശം 3400 ഓളം പേര്‍ ബുറുണ്ടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടരലക്ഷത്തോളം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍ നിര്‍ബന്ധിതരായെന്നും അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതി വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ബുറുണ്ടിയില്‍ 430 പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. പിയറി കുറുന്‍സിസ മൂന്നാംതവണയും പ്രസിഡന്റായതോടെയായിരുന്നു ബുറുണ്ടിയില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. രാജ്യത്ത് മൂന്ന് വിമത സംഘടനകള്‍ പുതുതായി രൂപം കൊണ്ടു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു ആര്‍മി ജനറല്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വൈസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനായ ജനറല്‍ അഥനാസെ കരാറുസയാണ് വെടിയേറ്റ് മരിച്ചത്.