അമേരിക്കയുടെ ഏക ചൈനാ നയത്തില്‍ മാറ്റം വരുമെന്ന സൂചനകള്‍ നല്‍കി ഡൊണാള്‍ഡ് ട്രംപ്
വ്യാപാരം അടക്കമുള്ള ഇടപാടുകളില്‍ ബീജിങില്‍ നിന്നും പ്രത്യേകം ഇളവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഏക ചൈന നയത്തില്‍ തുടരേണ്ട ആവശ്യമുണ്ടോ എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്
അമേരിക്കയുടെ ഏക ചൈനാ നയത്തില്‍ മാറ്റം വരുമെന്ന സൂചനകള്‍ നല്‍കി നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രത്യേകം രാജ്യമായി അംഗീകരിക്കണമെന്ന തായ്‌വാന്‍റെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ട്രംപിന്‍റെ നടപടി. തായ്‌വാനീസ് പ്രസിഡന്‍റ് സായ് ഇങ് വെനുമായി ട്രംപ് ടെലഫോണ്‍ സംഭാഷണം നടത്തിയതോടെയാണ് ഏക ചൈനാ നയം വിഷയം വീണ്ടും സജീവമായത്.
വ്യാപാരം അടക്കമുള്ള ഇടപാടുകളില്‍ ബീജിങില്‍ നിന്നും പ്രത്യേകം ഇളവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഏക ചൈന നയത്തില്‍ തുടരേണ്ട ആവശ്യമുണ്ടോ എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. ഇതോടെ മൂന്നരപതിറ്റാണ്ടിലധികമായി ചൈന വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചിരുന്ന നയം തിരുത്തിയെഴുതുമെന്ന് ഉറപ്പായി. ജിമ്മികാർട്ടർ പ്രസിഡന്റായിരിക്കവെ 1979-ലാണ് ഏകചൈനാ നയം അമേരിക്ക അംഗീകരിച്ചത്. പ്രത്യേകം രാജ്യമായി അംഗീകരിക്കണമെന്ന ആവശ്യമാണ് തായ്‌വാനുള്ളത്. എന്നാല്‍ തായ്‌വാനെ ചൈനയുടെ ഭാഗമായാണ് അമേരിക്ക പരിഗണിക്കുന്നത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 37 വർഷമായി തായ്‌വാനുമായി അമേരിക്ക യാതൊരു ഔദ്യോഗിക ബന്ധവും പുലർത്തിയിരുന്നില്ല. ഡൊണാൾഡ് ട്രംപിന്റെ തായ്‌വാൻ പ്രസിഡന്റ് സായി ഇങ്ങ്‌വെനുമായുള്ള ടെലിഫോൺ സംഭാഷണത്തോടെയാണ് ഏക ചൈന നയം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ചൈനയിൽ നിന്നും തായ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പിന്റെ നേതാവാണ് സായി ഇങ്ങ്‌വെൻ. ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ചൈനയെ വിമര്‍ശിച്ചും തായ്‌വാനെ അനുകൂലിച്ചും ട്രംപ് ട്വീറ്റുകള്‍ ചെയ്തിരുന്നു. അമേരിക്കയുടെ നിലവിലുള്ള ചൈനീസ് നയം മുഖ്യധാരപാർട്ടികളായ റിപ്പബ്ലിക്കൻ പാർട്ടിയും, ഡെമോക്രാറ്റിക് പാർട്ടിയും മറ്റു പാർട്ടികളുമെല്ലാം അംഗീകരിച്ചതാണ്. ഇതിനു മാറ്റം വരുത്തുക ഡൊണാൾഡ് ട്രംപിന് അത്ര എളുപ്പമാകില്ല എന്നാണ് വിലയിരുത്തല്‍.