ലിബിയ തന്റെ ഏറ്റവും വലിയ തെറ്റെന്ന് ഒബാമ

Update: 2017-06-30 12:06 GMT
Editor : admin
ലിബിയ തന്റെ ഏറ്റവും വലിയ തെറ്റെന്ന് ഒബാമ
Advertising

ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയതിനു ശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആസൂത്രണമില്ലാതെ പോയത് ഏറ്റവും വലിയ അബദ്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയതിനു ശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആസൂത്രണമില്ലാതെ പോയത് ഏറ്റവും വലിയ അബദ്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ലിബിയയില്‍ ഇടപെട്ടത് ശരിയാണെന്ന് ചിന്തിക്കുന്നതോടൊപ്പം തന്നെ തുടര്‍ന്നുള്ള പദ്ധതിയില്‍ പാളിച്ച പറ്റിയതായി ദ അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2011 ഒക്ടോബറില്‍ ഖദ്ദാഫി കൊല്ലപ്പെടുന്നതില്‍ അവസാനിച്ച നാറ്റോ ഇടപെടലില്‍ തെറ്റുപറ്റിയതായി ഒബാമ കഴിഞ്ഞ മാസവും സമ്മതിച്ചിരുന്നു. ലിബിയന്‍ നടപടിക്കുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് മറ്റു പല കാര്യങ്ങളിലുമായി ശ്രദ്ധ തിരിയുകയായിരുന്നുവെന്ന് ദ അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും കാമറണും മുന്‍കൈയെടുത്താണ് ഖദ്ദാഫിക്കെതിരെ വ്യോമാക്രമണങ്ങള്‍ നടത്തി വിമതരെ സഹായിച്ചത്. എന്നാല്‍ ലിബിയയിലെ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായതിനു കാരണം സൈനിക നടപടിയായിരുന്നുവെന്ന് ഒബാമ പറഞ്ഞു. കാമറണിന്റെ നിഷ്‌ക്രിയത്വമാണ് ലിബിയയിലെ പരാജയത്തിനു കാരണമെന്ന ഒബാമയുടെ പ്രസ്താവന ബ്രിട്ടനെ ചൊടിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഒബാമയുടെ പ്രസ്താവനക്കുശേഷം യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലും ലിബിയയിലെ സൈനിക ഇടപെടലിനെ ഒബാമ വിമര്‍ശിച്ചിരുന്നു. ഖദ്ദാഫിക്കുശേഷമുള്ള ശൂന്യത പരിഹരിക്കാന്‍ നാറ്റോ കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നുവെന്ന് അദ്ദേഹം പ്രസംഗത്തില്‍ തുറന്നടിക്കുകയുണ്ടായി. ഖദ്ദാഫിക്കുശേഷം ലിബിയ രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News