അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; അവസാന സംവാദത്തിലും ആരോപണ പ്രത്യാരോപണങ്ങള്‍
ലാസ്‌വേഗസിലെ നെവേദ യൂണിവേഴ്സിറ്റിയാണ് സംവാദവേദി
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥികളുടെ സംവാദം ശക്തമായ വാദ പ്രതിവാദങ്ങളോടെ അവസാനിച്ചു. അമേരിക്കയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇന്ന് സംവാദത്തിലുയര്‍ന്നത്. റഷ്യയുടെ പാവയാണ് ട്രംപെന്നും യോഗ്യനല്ലെന്നും ഹിലരി പറഞ്ഞു. തനിക്കെതിരായ കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ ഹിലരിയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.
ആധുനിക ചരിത്രത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അപകടകാരിയായ വ്യക്തിയാണ് ട്രംപെന്ന് ഹിലരി പറഞ്ഞു. അമേരിക്കയില്‍ പാവ സര്‍ക്കാറിനെയാണ് റഷ്യക്ക് ആവശ്യം. അതിനാല്‍ അവര്‍ ട്രംപ് പ്രസിഡന്റായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഹിലരി പറഞ്ഞു.
തനിക്കെതിരായ സ്ത്രീകളുടെ ആരോപണങ്ങളെ പ്രതിരോധിച്ച് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചു. പണം വാങ്ങിയാണ് സ്ത്രീകള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ട്രംപ് വിശദീകരിച്ചു.
കുടിയേറ്റത്തിനെതിരായ നിലപാടും ട്രംപ് ആവര്‍ത്തിച്ചു. കുടിയേറ്റക്കാരില്‍ ചിലര്‍ രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണ്. അധികാരത്തിലെത്തിയാല്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്‍റെ നിലപാട് രാജ്യത്തെ രണ്ടായി വിഭജിക്കുമെന്ന് ഹിലരി ക്ലിന്‍റണ്‍ തിരിച്ചടിച്ചു. സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും മൌലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ഹിലരി പറഞ്ഞു.
രാജ്യത്തെ നികുതി നിയമം പരിഷ്കരിക്കുമെന്ന് പറഞ്ഞ ഇരുവരും സംവാദത്തിന്റെ ആദ്യാവസാനം വരെ വാഗ്വാദം തുടര്‍ന്നു. കഴിഞ്ഞ രണ്ട് സര്‍വേകളിലും മുന്നിട്ട് നിന്ന ഹിലരിക്കു തന്നെയാണ് അവസാന സംവാദത്തിലും മുന്‍തൂക്കമെന്നാണ് സൂചനകള്‍.