ഫ്രാന്‍സില്‍ ആക്രമണം: 80 പേര്‍ കൊല്ലപ്പെട്ടു
സ്ഫോടക വസ്തുക്കളുമായെത്തിയ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഫ്രാന്‍സിലെ നൈസില്‍ ഭീകാരക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ആയിരുന്നു ആക്രമണം. ട്രെക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
തെക്കന്‍ ഫ്രാന്‍സിലെ നൈസില്‍ ആണ് ആക്രമണം ഉണ്ടായത്. ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റില്‍ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു ആക്രമണം. വെടിക്കെട്ട് കണ്ടുകൊണ്ടിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈവര്‍ ട്രക്ക് ഓടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായും അവര്‍ പറഞ്ഞു.
അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ആയിരക്കണക്കിന് പേരാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്. 31 വയസുള്ള ഫ്രെഞ്ച്-തുനീഷ്യന്‍ പൌരന്‍റ തിരിച്ചറിയല്‍ രേഖകള്‍ ട്രക്കില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ട്രക്ക് നിറയെ ആയുധങ്ങളും ഗ്രനേഡും ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ ആണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലാങിന്‍റെ പ്രതികരണം. ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നവംബറില്‍ 130 മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.