അഭയാര്‍ഥി പ്രതിസന്ധി: യൂറോപ്യന്‍ യൂണിയനുമായുള്ള ഉടമ്പടി റദ്ദാക്കുമെന്ന് തുര്‍ക്കി
യൂറോപ്യന്‍ യൂണിയന്‍ വാക്കുപാലിച്ചില്ലെങ്കില്‍ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രാബല്യത്തില്‍ കൊണ്ടുവന്ന ഉടമ്പടി റദ്ദാക്കുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്...
അഭയാര്‍ഥിപ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഉടമ്പടി റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി. യൂറോപ്യന്‍ യൂണിയന്‍ വാക്കുപാലിച്ചില്ലെങ്കില്‍ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രാബല്യത്തില്‍ കൊണ്ടുവന്ന ഉടമ്പടി റദ്ദാക്കുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്.
യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയനുമായി തുര്‍ക്കി പുതിയ ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വാക്കുപാലിച്ചില്ലെങ്കില്‍ ഉടമ്പടി റദ്ദാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസൊഗ്‌ലു പറഞ്ഞു.
സിറിയയോടുള്ള തുര്‍ക്കി സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഉടമ്പടി പ്രകാരം മാര്‍ച്ച് 20ന് ശേഷം നേരത്തേ അപേക്ഷ നല്‍കാതെ ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെയും തുര്‍ക്കിയിലേക്ക് തിരിച്ചയക്കും.
ഇങ്ങനെ തുര്‍ക്കിയിലേക്ക് അയക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള മറ്റൊരു അഭയാര്‍ഥിക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയമൊരുക്കുമെന്നാണ് ഉടമ്പടി. ഇത്തരത്തില്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ച് തുര്‍ക്കിക്ക് പണവും വിസാരഹിത യാത്രാസൗകര്യവും ഒരുക്കുമെന്നും ധാരണയിലെത്തിയിരുന്നു.
ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശ ചര്‍ച്ചകള്‍ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ടായിരുന്നു.