സെവില്‍ ഷയ്ബെദിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം റൊമാനിയന്‍ പ്രസിഡന്റ് തള്ളി
നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ യൂറോപ്യന്‍ യൂനിയനിലെ ആദ്യ മുസ്‌ലിം, വനിതാ പ്രധാന മന്ത്രിയാവുമായിരുന്നു സെവില്‍ ഷയ്ബദെ
സോഷ്യലിസ്റ്റ് നേതാവ് സെവില്‍ ഷയ്ബെദിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം റൊമാനിയന്‍ പ്രസിഡന്റ് തള്ളി. നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ യൂറോപ്യന്‍ യൂനിയനിലെ ആദ്യ മുസ്‌ലിം, വനിതാ പ്രധാന മന്ത്രിയാവുമായിരുന്നു സെവില്‍ ഷെയ്ദേ. തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമാക്കാന്‍ പ്രസിഡന്റ് തയ്യാറായിട്ടില്ല.
ഷയ്ബെദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാതിരിക്കാനുള്ള കാരണം പ്രസിഡന്റ് ക്ലോസ് ലോഹാനിസ് വ്യക്തമാക്കിയിട്ടില്ല. 52 കാരിയായ സെവില്‍ ഷയ്ബെദ് തുര്‍ക്കി വംശജയാണ്. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ സഖ്യമായ പിഎസ്ഡിയോട് മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പ്രസിഡന്റ്. എന്നാല്‍ വിഷയത്തില്‍ പിഎസ്ഡി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 45 ശതമാനം വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ പിഎസ്ഡി ഭൂരിപക്ഷം ഉറപ്പിച്ചത്. 465 അംഗ പാര്‍ലമെന്റില്‍ 250 സീറ്റുകളാണ് പിഎസ്ഡി സഖ്യത്തിന് ലഭിച്ചത്. മുന്‍ സര്‍ക്കാരില്‍ വികസന വകുപ്പ് മന്ത്രിയായിരുന്നു ഷയ്ബെദ്. ഉയര്‍ന്ന ശമ്പളവും പെന്‍ഷനും വാഗ്ദാനം ചെയ്താണ് പിഎസ്ഡി സഖ്യം റൊമാനിയയില്‍ അധികാരമുറപ്പിച്ചത്.