റഷ്യയില്‍ മെട്രോ ട്രെയിനിലെ സ്ഫോടനം: അന്വേഷണം തുടങ്ങി
തീവ്രവാദ ആക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്‍റ് വ്ലാദിമര് പുടിന്‍ പറഞ്ഞു
റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മധ്യേഷ്യയില്‍ നിന്നുള്ള 20കാരനാണ് ആക്രമണകാരിയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ ആക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്‍റ് വ്ലാദിമര് പുടിന്‍ പറഞ്ഞു. 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മെട്രോയിലെ ബോഗികളിലൊന്നിലാണ് സ്ഫോടനം നടന്നത്. ബ്രീഫ് കേസില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു സ്ഫോടക വസ്തുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമതൊരു സ്ഫോടക വസ്തു കൂടി കണ്ടെത്തിയെങ്കിലും അത് സുരക്ഷിതമായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു എന്തെന്നത് സംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസും ബോംബ് സ്ക്വാഡുമെല്ലാം പരിശോധനയില്‍ സജീവമാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ആക്രമണത്തെ അപലപിച്ച് പ്രസിഡന്‍റ് വ്ലാദിമര് പുടിന്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാരണങ്ങള്‍ സംബന്ധിച്ച് പലവിധ അനുമാനങ്ങള്‍ ഉണ്ട്. തീവ്രവാദ ആക്രമണമാണോ എന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് പ്രസിഡന്‍റ് പുടിന്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് സെന്‍റ് പീറ്റേഴ്സ് ബെര്‍ഗിലെ മുഴുവന്‍ മെട്രോ സ്റ്റേഷനുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. സെന്‍റ് പീറ്റേഴ്സ് ബെര്‍ഗ് മെട്രോ സംവിധാനത്തില്‍ 67 സ്റ്റേഷനുകളുണ്ട്. ഇരുപത് ലക്ഷത്തോളം ആളുകളാണ് ദിവസേന മെട്രോയിലൂടെ സഞ്ചരിക്കുന്നത്.