ഫീസ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു

Update: 2017-08-25 21:31 GMT
Editor : Ubaid
ഫീസ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു
Advertising

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സര്‍വകലാശാലയില്‍ ഉയര്‍ന്നുവരുന്ന വര്‍ണ വിവേചനത്തിനെതിരെയും ഉയര്‍ന്ന ഫീസ് നിരക്കിനെതിരെയും ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്

സര്‍വകലാശാലകളിലെ ഫീസ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിന് സമീപം വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം റബ്ബര്‍ ബുള്ളറ്റിനും പ്രയോഗിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സര്‍വകലാശാലയില്‍ ഉയര്‍ന്നുവരുന്ന വര്‍ണ വിവേചനത്തിനെതിരെയും ഉയര്‍ന്ന ഫീസ് നിരക്കിനെതിരെയും ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പ്രിട്ടോറിയയിലുള്ള പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസിന് സമീപത്തും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റിന് നിവേദനം സമര്‍പ്പിക്കാനായിരുന്നു തങ്ങള്‍ എത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മുന്നൂറിലധികം പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ഓഫീസിന് സമീപത്തെ പാര്‍ക്കില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടക്കത്തില്‍ സമാധാനപരമായിരുന്നു. എന്നാല്‍ പിന്നീട് കുപ്പികളും വടിയും കല്ലും പൊലീസിനെതിരെ എറിഞ്ഞതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞു. കണ്ണീര്‍വാതകവും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റിനും പ്രയോഗിച്ചതോടെ വിദ്യാര്‍ഥികള്‍ ചിതറി ഓടി. ജൊഹനാസ്ബര്‍ഗ് സര്‍വകലാശാലയിലും വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫീസ് കുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് സഹകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിട്ടില്ല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News