40 വര്‍ഷത്തിനിടെ ഭൂമിയില്‍ നിന്നും ഇല്ലാതായത് 60 ശതമാനം ജീവജാലങ്ങള്‍
സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും നടത്തിയ ദി ലിവിങ് പ്ലാനറ്റ് അസസ്മെന്റ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്
40 വര്‍ഷത്തിനിടെ ഭൂമിയില്‍ നിന്നും ഇല്ലാതായത് 60 ശതമാനം ജീവജാലങ്ങളെന്ന് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവുമാണ് ജീവജാലങ്ങളുടെ നാശത്തിന് കാരണം. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും WWFഉം നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും നടത്തിയ ദി ലിവിങ് പ്ലാനറ്റ് അസസ്മെന്റ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ജീവജാലങ്ങളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ കുറവ് വന്നുവെന്നാണ് കണ്ടെത്തല്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ 2020ഓടെ നട്ടെല്ലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. തടാകങ്ങള്‍, നദികള്‍, നീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസമേഖലകളില്‍ താമസിക്കുന്ന ജീവിവര്‍ഗങ്ങളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. മനുഷ്യന്റെ പ്രത്യക്ഷ ഇടപെടലുകളും അതിന്റെ അനന്തരഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനവുമാണ് ജീവജാലങ്ങളുടെ വംശനാശത്തിന് ഇടയാക്കിയത്. ആഫ്രിക്കന്‍ ആനകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 10 വര്‍ഷത്തിനിടെ, 4.15 ലക്ഷം ആനകളെയാണ് കൊന്നത്. വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ദ്രുവക്കരടികള്‍, തിമിംഗലങ്ങള്‍ എന്നിവയുടെ നാശത്തിനും നിലവിലെ കൃഷിരീതികള്‍ ഉറുന്പുതീനിപോലുള്ള ജീവികളുടെ നാശത്തിനും ഇടയാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍തന്നെ, ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങള്‍ ആരായുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മൈക് ബാരെറ്റ് പറഞ്ഞു.