ഗ്രീസ് - മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥികളെ ഔദ്യോഗിക ക്യാമ്പുകളിലേക്ക് മാറ്റുന്നു
സ്ത്രീകളും കുട്ടികളുമടക്കം 12000ത്തോളം പേരാണ് മാസങ്ങളായി അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നത്.
ഗ്രീസ് - മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥികളെ ഔദ്യോഗിക ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം 12000ത്തോളം പേരാണ് മാസങ്ങളായി അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നത്. ബാള്‍ക്കന്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണ് അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായത്.
അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ നിര്‍ബന്ധപൂര്‍വ്വം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രീസില്‍ ആരംഭിച്ചു. അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ക്യാമ്പുകളില്‍ ലഘുലേഖ വിതരണം ആരംഭിച്ചു. അറബി, പാഴ്സി, പഷ്തോ ഭാഷകളിലുള്ള ലഘുലേഖകളാണ് സൈന്യം അഭയാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. അതിനിടെ അഭയാര്‍ഥികള്‍ കുടുങ്ങി കിടക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യക്ഷാമവും രോഗവും വ്യപകമാവുന്നതായി റിപ്പോര്‍ട്ടുണ്ട്.
സുരക്ഷിത ക്യാമ്പുകളിലേക്ക് കുടിയേറ്റക്കാരെ കൊണ്ട് പോകുന്നത് ഗ്രീസ് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം അതിര്‍ത്തിയില്‍ നിന്നും 20 ബസുകളാണ് അഭയാര്‍ഥികളെയും കൊണ്ട് പോയത്. 400 ഓളം അഭയാര്‍ഥികളെയാണ് പ്രതിദിനം ക്യാമ്പുകളിലേക്ക് മാറ്റുന്നത്.