യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
ഇന്നലെ അര്‍ധരാത്രിയോടെ യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്നലെ അര്‍ധരാത്രിയോടെ യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ 18ന് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും കുവൈത്തില്‍ തുടക്കമാകും. അതേ സമയം വെടിനിര്‍ത്തലിന് മുമ്പ് യമനില്‍ അബ്ദുറബ് മന്‍സൂര്‍ ഹാദി അനുകൂലികളും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടു.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ വടക്കന്‍ പ്രദേശങ്ങളിലാണ് മന്‍സൂര്‍ ഹാദി അനുകൂലികളും ഹൂതികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
തായിസ് നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുന്നതിന് തൊട്ടു മുമ്പായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിനെ ബഹുമാനിക്കുന്നുവെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിട്ടുണ്ട്. പ്രകോപനമില്ലാതെ ആക്രമണം നടത്തില്ലെന്നും സഖ്യസേന വക്താക്കള്‍ വ്യക്തമാക്കി. ഇത് നാലാം തവണയാണ് യമനില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൂതികളും വിമത പക്ഷവും ആക്രമണം ശക്തമാക്കി. യുഎന്‍ മധ്യസ്ഥതയില്‍ ഏപ്രില്‍ 18ന് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമാകും. എന്നാല്‍ ചര്‍ച്ചകള്‍ പ്രഹന്നമാണെന്നും രാഷ്ട്രീയ സംഘര്‍ഷത്തിന് അയവ് വരുത്താനാകുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് യമനിലെ ഭൂരിഭാഗം ജനങ്ങളുടെയും വാദം. 6,200 ല്‍ അധികം പേര്‍ യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ആക്രമണം നിര്‍ത്തുന്നത് സംബന്ധിച്ച് നിലപാടൊന്നും ഹൂതികള്‍ ഇത് വരെ ഐക്യരാഷ്ട്ര സഭയെ അറിയിച്ചിട്ടില്ല.