അമേരിക്കയിലെ അക്രമങ്ങള്‍ക്ക് കാരണം വംശീയതയല്ല: ഒബാമ
രാജ്യത്ത്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം വംശീയതയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ
രാജ്യത്ത്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം വംശീയതയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അക്രമത്തിനെതിരെ ഡാളസില്‍ നടന്ന പ്രതിഷേധ റാലിക്കിടെ 5 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഒബാമയുടെ പ്രതികരണം.
അമേരിക്കയില്‍ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും പൊലീസുകാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ദുഖിതരാണ്. അമേരിക്കന്‍ ജനത രണ്ടായി വിഭജിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്ത തെറ്റാണ്. പൊലീസ് വളരെ പ്രൊഫഷണലായിട്ടാണ് ജോലി ചെയ്യുന്നത് എന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുണ്ടാകുന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ 74 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത് നീക്കി. ഡാളസ് ആക്രമണത്തെ സമരത്തില്‍ പങ്കെടുത്തവരും അപലപിച്ചു. മിനസോട്ട, ലൂസിയാന, ന്യൂയോര്‍ക്ക, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിഷേധത്തിന് സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കിടെ രണ്ട് കറുത്തവര്‍ഗക്കാരായ യുവാക്കളാണ് അമേരിക്കയില്‍ പൊലീസുകാരുടെ വെടിയേറ്റ് മരിച്ചത്.