വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന അസദ് ഭരണകൂടത്തെ വിമര്‍ശിച്ച് തുര്‍ക്കി
അസദ് സൈന്യം ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ട് പോകാനാകില്ലെന്ന് വിമത സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു
സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന അസദ് ഭരണകൂടത്തെ വിമര്‍ശിച്ച് തുര്‍ക്കി. കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷവും സൈന്യം തുടരുന്ന അതിക്രമങ്ങള്‍ സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന യുഎസ് നിലപാടിനെയും തുര്‍ക്കി വിമര്‍ശിച്ചു.
അസദ് സൈന്യം ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ട് പോകാനാകില്ലെന്ന് വിമത സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‍ലുത് കാവുസൊഗ്‍ലു രംഗത്തെത്തിയത്. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് ശേഷവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം കസാഖിസ്താന്‍ തലസ്ഥാനമായ അസ്‍താനയില്‍ നടത്താന്‍ തീരുമാനിച്ച സമാധാന ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും തുര്‍ക്കി വിദേശ കാര്യമന്ത്രി പറഞ്ഞു. അല്‍ബാബില്‍ വിമതര്‍ ഐഎസിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ നാറ്റോ സൈന്യം വ്യോമപിന്തുണ നല്‍കാത്തതിനെയും തുര്‍ക്കി വിമര്‍ശിച്ചു .
വെടിനിര്ത്തലിനിടയിലും വിമത കേന്ദ്രങ്ങളില് സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന ലബനന്‍ സൈന്യം വാദി ബറാദക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഡമസ്കസിലേക്കുള്ള പ്രധാന ജലസ്രോതസ്സുള്ളത് വാദി ബറാദയിലാണ്. വിമത കേന്ദ്രമായ ഇദ്‍ലിബിലും ഹോംസിലും അസദ് സൈന്യത്തിന്റെ ആക്രമണം നടത്തി. റഷ്യ തുര്‍ക്കി ഇറാന്‍ എന്നീ രാഷ്ട്രങ്ങളുടെ നേതൃത്വത്തിലാണ് സിറിയയില്‍ രാജ്യവ്യാപക വെടിനിര്‍ത്തലിന് ധാരണയായത് .