ഹിലരി ക്ലിന്റണിന് വോട്ട് തേടി ബേണി സാന്‍ഡേഴ്സ്
ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ഹിലരിയെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന് വോട്ടഭ്യര്‍ഥിച്ച് ബേണി സാന്‍ഡേഴ്സ് രംഗത്ത്. ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ഹിലരിയെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ഭാവിക്ക് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയാണെന്നും എന്നും അദ്ദേഹം പറഞ്ഞു.
ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഹിലരിക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന് സാന്‍ഡേഴ്സ് വ്യക്തമാക്കിയത്. ഹിലരിയെ പോലൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണമെന്ന് അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടിം കെയിനെയും തെരഞ്ഞെടുക്കണമെന്നും സാന്‍ഡേഴ്സ് പറഞ്ഞു.
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉചിതനായ വ്യക്തി സാന്‍ഡേഴ്സ് ആണെന്നായിരുന്നു കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരുടെ അഭിപ്രായം. ഹിലരിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട ഉടനെ ആളുകള്‍ സംസാരം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഹിലരിക്ക് നല്ലൊരു ഭരണാധികാരിയാകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടയിലും ഡൊണാള്‍ഡ് ട്രംപിനെതിരെ ബേണി സാന്‍ഡേഴ്സ് ആഞ്ഞടിച്ചു. ട്രംപ് വര്‍ഗീയ വാദിയാണെന്നും അദ്ദേഹത്തെ പോലൊരാള്‍ പ്രസിഡന്റാകുന്നത് അമേരിക്കയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക ഇമെയിലുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് രാജിവെച്ച ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി ഡെബ്ബി വാസ്സര്‍മാന്‍ ഷുട്സിന് പകരം പുതിയ ആളെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും സാന്‍ഡേഴ്സ് പറഞ്ഞു.