അലെപ്പോയില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സിറിയയിലേക്ക് പ്രവേശിക്കുന്നതിന് സൌകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സംഘര്‍ഷം രൂക്ഷമായ സിറിയയിലെ അലെപ്പോയില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സിറിയയിലേക്ക് പ്രവേശിക്കുന്നതിന് സൌകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
സിറിയയില്‍ സൈന്യവും വിമതരും തമ്മില്‍ നിലനില്‍ക്കുന്ന പോരാട്ടം പ്രദേശത്തെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്നതിനായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ ല്യൂറ്റിനന്റ് ജനറല്‍ സെര്‍ജി റുഡോസ്കി അറിയിച്ചു. ട്രക്കുകളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിന്റെ ഭാഗമായി കാസ്റ്റെല്ലോ വ്യവസായ കേന്ദ്രം വഴി പുതിയ റോഡ് തുറന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനകളെ പിന്തുണക്കുമെന്നും റഷ്യ വ്യക്തമാക്കി. എന്നാല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അലെപ്പോയിലേക്ക് സഹായവുമായി പോകുന്ന ട്രക്കുകള്‍ സുരക്ഷിതമായി തിരികെ എത്തുന്നതിന് രണ്ട് ദിവസം വേണമെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി സ്റ്റീഫന്‍ ഒബ്രിയന്‍ കൂട്ടിച്ചേര്‍ത്തു.