ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം

Update: 2017-10-08 08:19 GMT
ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം
Advertising

സ്വകാര്യ ഇ മെയിലിലുള്ള നിര്‍ണായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഹിലരി അശ്രദ്ധ കാണിച്ചുവെന്ന് എഫ്ബിഐ

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെയുള്ള മെയില്‍ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഹിലരി ക്ലിന്റണെതിരെ അന്വേഷണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറിയിച്ചു. ഹിലരിയുടെ സ്വകാര്യ മെയില്‍ സെര്‍വറില്‍ പുതുതായി കാണപ്പെട്ട ഇമെയില്‍ വിവരങ്ങളെകുറിച്ചാണ് അന്വേഷിക്കുകയെന്ന് എഫ് ബി ഐ വ്യക്തമാക്കി.

തന്ത്രപ്രധാന ഇ മെയില്‍ സന്ദേശങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന ആരോപണത്തില്‍ ഹിലരി ക്ലിന്റനെതിരെ കുറ്റം ചുമത്തേണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹിലരിയുടെ സ്വകാര്യ മെയിലില്‍ വീണ്ടും ഇമെയിലുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണമെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ കണ്ടെത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ എന്താണെന്നോ ആരില്‍ നിന്ന് വന്നെന്നോ ആര്‍ക്കയച്ചെന്നോ വ്യക്തമാക്കുന്നില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇമെയില്‍ വിവരങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന ആരോപണം നേരത്തെ നേരിട്ട സാഹചര്യത്തിലാണ് ഹിലരിക്കെതിരെ എഫ് ബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഹിലരിയുടെ മുഖ്യ എതിരാളിയും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കത്തുയര്‍ത്തിക്കാട്ടി ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവുമായി രംഗത്ത് വന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കെതിരെ എഫ് ബി ഐ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചക്ക് ചൂട് പിടിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News