മോദി ആഫ്രിക്കയില്‍
ഇന്ത്യ - ആഫ്രിക്ക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി
ഇന്ത്യ - ആഫ്രിക്ക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മൊസാംബിക്കാണ് മോദി ആദ്യം സന്ദര്‍ശിക്കുന്നത്. ഹൈഡ്രോ കാര്‍ബണ്‍ രംഗത്തെ സഹകരണം, സാമ്പത്തിക സഹകരണം, സമുദ്ര സുരക്ഷ തുടങിയ വിഷയങ്ങളിലൂന്നിയായിരിക്കും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.
പരസ്പര സഹകരണം ലക്ഷ്യം വച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി.
മൊസാംബിക്കില്‍ നിന്നും സന്ദര്‍ശമാരംഭിക്കുന്ന മോദി മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ വിമാനമിറങ്ങി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ഹൈഡ്രോ കാര്‍ബണ്‍ രംഗത്തെ സഹകരണം സാമ്പത്തിക സഹകരണം, വാണിജ്യം, നിക്ഷേപം, കൃഷി തുടങ്ങിയ വിഷയങ്ങളായിരിക്കും ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിക്കുക.
വെള്ളി, ശനി ദിവസങ്ങളിലാണ് മോദി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുക. ഫ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളിലും പ്രധാനമന്ത്രി സംബന്ധിക്കും. ശനിയാഴ്ച ടാന്‍സാനിയയിലും അടുത്ത ദിവസം കെനിയയിലും സന്ദര്‍ശനം നടത്തുന്ന മോദി ഞായറാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. നേരത്തെ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ പര്യടനമാണിത്. 1982ല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലൂടെ വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.