മാധ്യമപ്രവര്‍ത്തകക്ക് നേരെ കയ്യേറ്റം; ട്രംപിന്റെ മാനേജര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം
മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡൊനാള്‍ഡ് ട്രംപിന്റെ മാനേജര്‍ കോറെ ലെവന്‍ഡോവ്സ്ക്കിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി.
മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡൊനാള്‍ഡ് ട്രംപിന്റെ മാനേജര്‍ കോറെ ലെവന്‍ഡോവ്സ്ക്കിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. സംഭവത്തിന്റെ വീഡിയോ ഫ്ലോറിഡ പൊലീസ് പുറത്ത് വിട്ടു. വിഷയത്തില്‍ ഉത്തരവാദിത്തം ട്രംപിനാണെന്ന് ഹിലരി ക്ലിന്‍റണ്‍ കുറ്റപ്പെടുത്തി. എന്നാല്‍ ലെവന്‍ഡോവ്സ്കിയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തി.
മാര്‍ച്ച് 8ന് ഫ്ലോറിഡയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബ്രെയ്റ്റ്ബാര്‍ട്ട് റിപ്പോര്‍ട്ടര്‍ മിഷേല്‍ ഫീല്‍ഡ്സിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് കോറോ ലെവന്‍ഡോവ്സ്കി ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ ശിക്ഷാനിയമപ്രകാരം ഒരു വര്‍ഷം വരെ തടവും ആയിരം ഡോളര്‍ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ലെവന്‍ഡോവ്സ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിനോട് സംസാരിക്കാനെത്തുന്ന മിഷേലിനെ ലെവന്‍ഡോവ്സ്ക്കി തള്ളി മാറ്റുന്നത് വ്യക്തമാകുന്ന വീഡിയോ ഫ്ലൊറിഡ പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.
സംഭവം വിവാദമായെങ്കിലും മാപ്പ് പറയില്ലെന്നായിരുന്നു ലെവന്‍ഡോവ്സ്കിയുടെ നിലപാട്. അതേ സമയം ലെവന്‍ഡോവ്സ്കിയെ ന്യായീകരിച്ച് ഡൊനാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തി. വീഡിയോയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ലെവന്‍ഡോവ്സ്കി മാന്യനായ ഒരാളാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവത്തില്‍ ഡെനാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ്‍ രംഗത്തെത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം ട്രംപിനാണെന്നും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു. മെയ് നാലിന് ലെവന്‍ഡോവ്സ്ക്കിയെ കോടതിയില്‍ ഹാജരാക്കും.