ട്രംപ് പുറത്തിറക്കിയ പുതിയ യാത്രവിലക്കിനെതിരെയും വ്യാപക പ്രതിഷേധം

Update: 2017-11-04 14:58 GMT
Editor : Ubaid
ട്രംപ് പുറത്തിറക്കിയ പുതിയ യാത്രവിലക്കിനെതിരെയും വ്യാപക പ്രതിഷേധം
Advertising

ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയ പുതിയ ഉത്തരവില്‍ തിങ്കളാഴ്ചയാണ് ട്രംപ് ഒപ്പു വെച്ചത്

ആറു രാജ്യങ്ങള്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പുതിയ ഉത്തരവിനും സ്വീകാര്യതയില്ല. രണ്ടാം എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയും പ്രതിഷേധം വ്യാപിക്കുകയാണ്. ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയ പുതിയ ഉത്തരവില്‍ തിങ്കളാഴ്ചയാണ് ട്രംപ് ഒപ്പു വെച്ചത്. ഇറാഖിനെ ഒഴിവാക്കി കൊണ്ടിറക്കിയ പുതിയ ഉത്തരവിനെതിരെയും പ്രതിഷേധം വ്യാപിക്കുകയാണ്. പുതിയ ഉത്തരവ് ന്യായീകരിക്കാനാകാത്തതാണെന്ന് സുഡാനും സൊമാലിയയും പ്രതികരിച്ചു. പുതിയ ഉത്തരവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് വിസ സന്നദ്ധ സംഘടനയായ ACLU അറിയിച്ചു.

പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്നീഡര്‍മാന്‍ പറഞ്ഞു. ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയതില്‍ ഒന്നുമില്ലെന്നും രണ്ടാം ഉത്തരവോടെ ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപ് ഭരണഘടനക്ക് അതീതനല്ലെന്ന് രാജ്യത്തെ മുഴുവന്‍ കോടതികളും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയതാണ്. എന്നിട്ടും അദ്ദേഹം അതിനെ ധിക്കരിച്ചു. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉത്തരവിനെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ശക്തമായി ന്യായീകരിച്ചു. രാജ്യത്ത് ഇനിയൊരു തീവ്രവാദി ഭീഷണിയുണ്ടാകരുതെന്നാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാര്‍ട്മെന്‍റ് സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു. മാര്‍ച്ച് 16 ന് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. തീവ്രവാദ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ യുഎസിന്റെ സുരക്ഷയ്ക്കായാണ് വിലക്കെന്ന് ട്രംപിന്റെ വാദം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News