ഹിലരിയുടെ മെയിലുകള്‍ ചോര്‍ത്തണമെന്ന് റഷ്യയോട് ട്രംപ്
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യുഎസിനോടുള്ള ബഹുമാനം കുറഞ്ഞതായും താന്‍ പ്രസിഡന്റായാല്‍ രാജ്യത്തിന്റെ ഈ അവസ്ഥ മാറുമെന്നും ട്രംപ് പറഞ്ഞു
തന്റെ എതിരാളിയായ ഹിലരി ക്ലിന്റണന്റെ മെയിലുകള്‍ ചോര്‍ത്താന്‍ തയ്യാറാവണമെന്ന് റഷ്യയോട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യുഎസിനോടുള്ള ബഹുമാനം കുറഞ്ഞതായും താന്‍ പ്രസിഡന്റായാല്‍ രാജ്യത്തിന്റെ ഈ അവസ്ഥ മാറുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് വിഡ്ഢിത്തം പറയുന്നുവെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതികരണം.
ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ മെയിലുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം. മെയിലുകള്‍ ചോര്‍ത്തിയത് റഷ്യയാണെങ്കില്‍ ഹിലരിയുടെ മെയിലുകള്‍ കൂടി പുറത്തെത്തിക്കാന്‍ റഷ്യ പണിയെടുക്കണമെന്നമെന്നായിരുന്നു ട്രംപിന്റെ അഭ്യര്‍ഥന. മെയില്‍ ചോര്‍ത്തിയതിന് പിന്നില്‍ റഷ്യയാണോ ചൈനയാണോ എന്നൊന്നും തനിക്കറിയില്ല, വിദേശ രാജ്യങ്ങള്‍ക്ക് നമ്മുടെ രാഷ്ട്രത്തോട് ആദരവില്ലാതായി മാറിയിരിക്കുന്നു. അതിന് മാറ്റം വരേണ്ടതുണ്ട്.- ട്രംപ് പറഞ്ഞു.