തുര്‍ക്കിയില്‍ അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കി
എണ്ണായിരത്തിലേറെ പൊലീസുകാരെയാണ് നീക്കിയത്
തുര്‍ക്കിയില്‍ അട്ടിമറി ശ്രമത്തിന് കൂട്ടുനിന്നതായി കരുതുന്ന എണ്ണായിരത്തിലേറെ പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കി. മൂവായിരത്തോളം ജഡ്ജിമാരേയും പ്രോസിക്യൂട്ടര്‍മാര്‍ക്കും പണി പോയി. അട്ടിമറി ശ്രമത്തില്‍ പങ്കാളികളായ സൈനികരെ കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി നടത്തിയ അട്ടിമറി ശ്രമത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍. 8,777 പേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 7899 പേര്‍ പൊലീസില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ സൈന്യത്തിലേയും. അട്ടിമറി ശ്രമത്തിന് പങ്കാളികളായെന്ന് കരുതുന്ന മൂവായിരം ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും പണി പോയി. 50 ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്ന് നീക്കി. 7543 പേരെയാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 100 പൊലീസുകാരും 6038 പട്ടാളക്കാരും പെടും.
755 പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരും 650 സാധാരണക്കാരും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലാണ്. കസ്റ്റഡിയിലെടുത്തവരില്‍ അങ്കാറ കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.