സിറിയയില്‍ രണ്ടു വര്‍ഷത്തിനിടെ ഐഎസ് വധിച്ചത് 4000 പേരെ
ISIS executed over 4,000 in Syria in last two years
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സിറിയയില്‍ ഐഎസ് ഭീകരര്‍ നടപ്പാക്കിയത് നാലായിരം പേരുടെ വധശിക്ഷയാണ്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് വിവരം പുറത്തുവിട്ടത്. സിറിയന്‍ ജനതയ്‌ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്രസഭ മുന്നിട്ടിറങ്ങണമെന്ന് എസ്.ഒ.എച്ച്.ആര്‍ ആവശ്യപ്പെട്ടു.
2014 ജൂണ്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ ഐഎസ് നടത്തിയ വധശിക്ഷകളുടെ സുപ്രധാന വെളിപ്പെടുത്തലാണിത്. ഏറ്റവും അധികം ആളുകള്‍ ഐഎസിന്റെ ക്രൂരതകള്‍ക്ക് ഇരയായിരിക്കുന്നത് സിറിയയിലാണ്. സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടവരിലേറെയും. സ്ത്രീകളും കുട്ടികളും ഇതില്‍പ്പെടുന്നു. തലയറുത്തും വെടിവെച്ചും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും തള്ളിയിട്ടുള്ള കൊലപാതക രീതികളാണ് ഐഎസ് സാധാരണയായി നടത്തി വരുന്നത്. തീയില്‍ ചുട്ടും നിരവധി ആളുകളെ ഐഎസ് വധിക്കുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള വധശിക്ഷകളും വര്‍ദ്ധിച്ചു വരികയാണ്. 37 പേരെ കുട്ടിക്കൊലയാളികള്‍ വധിച്ചു. ചാവേറുകളാകുന്നതില്‍ അധികവും കുട്ടികളാണെന്ന് എസ്.ഒ.എച്ച്.ആര്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് 29 വരെ സിറിയയുടെ വിവിധ ഭാഗങ്ങളിലായി 80 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന അലെപ്പോ, ഹോംസ്, റാഖ്വ, അല്‍ ഹസാഖ് എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടത്. സിറിയന്‍ ജനതയോടുള്ള ക്രൂരതകള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത പ്രസിഡന്റ് ബശ്ശാറുല്‍ അസാദ് ഭരണം അവസാനിപ്പിക്കണമെന്നും എസ്.ഒ.എച്ച്.ആര്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.