ദക്ഷിണ ചൈനാക്കടല്‍ വിഷയം; കോടതി വിധി അംഗീകരിക്കില്ലെന്ന് ചൈന
ദ്വീപിനു മേലുള്ള അധികാരത്തിന്റെ ചരിത്രം വിശദീകരിച്ചാണ് ചൈനയുടെ നിലപാട്
ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് ചൈന. രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങളിലൂടെ ദ്വീപിനു മേലുള്ള അധികാരത്തിന്റെ ചരിത്രം വിശദീകരിച്ചാണ് ചൈനയുടെ നിലപാട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ചൈനീസ് സര്‍ക്കാരിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ അവകാശവാദത്തിനെതിരെ ഫിലിപ്പീന്‍സ് നല്‍കിയ ഹരജിയിലാണ് രാജ്യാന്തര കോടതിയുടെ വിധിയുണ്ടായത്.ദ്വീപിനുമേല്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ വാദം ഹേഗിലെ രാജ്യാന്തര കോടതി അംഗീകരിച്ചിരുന്നില്ല. ചൈനയുടെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വന്‍ എണ്ണ,ധാതു, മത്സ്യസമ്പത്ത് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ദക്ഷിണ ചൈനകടലിന്റെ 90 ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാലിത് ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയവര്‍ എതിര്‍ക്കുന്നു. അമേരിക്കയും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ദ്വീപിനു മേലുള്ള അവകാശ ചരിത്രം മാധ്യമങ്ങളിലൂടെ ചൈനീസ് ഭരണ കൂടം വിശദീകരിക്കുകയായിരുന്നു.ചൈനയുടെ പ്രതികരണം സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്. തായ്‌വാനും കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യന്തര കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ മേഖലയില്‍ വിഷയം സങ്കീര്‍ണമാവുകയാണ്.