ഐ.എസിലെ രണ്ടാമന്‍ അയാദ് അല്‍ ജുമൈലി കൊല്ലപ്പെട്ടതായി ഇറാഖ് ദേശീയ ടെലിവിഷന്‍
ഐഎസിന്‍റെ വാര്‍ മിനിസ്റ്റര്‍ എന്നാണ് കൊല്ലപ്പെട്ട ജുമൈലി അറിയപ്പെട്ടിരുന്നത്
ഐഎസിന്‍റെ സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍ അയാദ് അല്‍ ജുമൈലി കൊല്ലപ്പെട്ടതായി ഇറാഖ് ദേശീയ ടെലിവിഷന്‍. ഇറാഖി സേനയുടെ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐഎസിന്‍റെ വാര്‍ മിനിസ്റ്റര്‍ എന്നാണ് കൊല്ലപ്പെട്ട ജുമൈലി അറിയപ്പെട്ടിരുന്നത്.
ഐഎസിലെ ഏറ്റവും പ്രധാനിയാണ് കൊല്ലപ്പെട്ട അയാദ് അല്‍ ജുമൈലി. ഇയാളെ കൂടാതെ മറ്റ് നിരവധി പ്രവര്‍ത്തകരും ഇറാഖ് സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാഖ് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ഇന്‍റലിജെന്‍സിനെ ഉദ്ദരിച്ചാണ് ടെലിവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടത്. സിറിയന്‍ അതിര്‍ത്തി പ്രദേശമായ അല്‍ഖ്വായിദയില്‍ നടത്തിയ സൈനിക ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നും ദേശീയമാധ്യമം പറയുന്നു.
എന്നാല്‍ സംയുക്തസൈനിക വക്താക്കളാരും തന്നെ ഐഎസ് തലവന്‍ മരിച്ചത് സംബന്ധിച്ച് വിശദീകരണങ്ങള് നല്‍കിയിട്ടില്ല. അതേസമയം തെക്ക്പടിഞ്ഞാറന്‍ മൌസിലില്‍ ഐഎസിനെതിരായ പോരാട്ടം ശക്തമായി തുടരുകയാണ്. ജനവാസ മേഖലകൂടിയായ ഇവിടങ്ങളില്‍ സാധാരണക്കാരെ ഐഎസ് പ്രവര്‍ത്തകര്‍ മനുഷ്യകവചങ്ങളാക്കുകയാണെന്നും സൈന്യം പറയുന്നു.